പുതുച്ചേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ദിവസങ്ങളിൽ: മാഹിയിൽ 21ന്
text_fieldsമാഹി: പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ റോയ്.പി.തോമസ് അറിയിച്ചു. ഒക്ടോബർ 21, 25, 28 തീയ്യതികളിലാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം 21ന് മാഹി, കാരൈക്കൽ, യാനം മുനിസിപ്പാലിറ്റികളിലും 25ന് പുതുച്ചേരി, ഉഴവർകരൈ മുനിസിപ്പാലിറ്റികളിലും 28ന് കൊമ്യൂൺ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കും.
മാഹിയിൽ നാമനിർദ്ദേശ പത്രിക നൽകേണ്ടത് സെപ്റ്റമ്പർ 30 മുതൽ ഒക്ടോബർ ഏഴ് വരെയാണ്. സൂക്ഷ്മപരിശോധന എട്ടിനും പിൻ വലിക്കാനുള്ള സമയം 11 വരെയുമാണ്. വോട്ടെണ്ണലും ഫല പ്രഖ്യാപനവും 31 ന്. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് അഞ്ച് നഗരസഭകളിൽ അഞ്ച് ചെയർമാൻമാരുടെയും 116 കൗൺസിലർമാരുടെയും തെരഞ്ഞെടുപ്പാണ് നടക്കുക. 10 കൊമ്യൂൺ പഞ്ചായത്തുകളിലേക്ക് 108 അംഗങ്ങളെയും . 108 ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാരെയും 812 ഗ്രാമ പഞ്ചായത്ത് അംഗങ്ങളെയും വോട്ടർമാർ തെരഞ്ഞെടുക്കും
പുതുച്ചേരിയിൽ 2006 ലാണ് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്. ഒട്ടേറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ അഡ്വ.ടി.അശോക് കുമാറിൻ്റെ കോടതിയലക്ഷ്യ ഹർജിയെ തുടർന്നുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാഹി നഗരസഭയിൽ 31,139 ഉം. സംസ്ഥാനത്ത് ആകെ 10,03,256 വോട്ടർമാരുമാണുള്ളത്.