മാഹി ബൈപാസ്; മങ്ങാട്ടെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു
text_fieldsന്യൂമാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസ് കടന്നുപോകുന്ന മങ്ങാട് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ദേശീയപാത അധികൃതർ ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു.
പ്രശ്നം പരിഹരിക്കുമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. മങ്ങാട് വയൽപ്രദേശം കീറിമുറിച്ചാണ് ബൈപാസ് കടന്നുപോകുന്നത്. ഇതു കാരണം ഇതുവഴിയുള്ള തോടുകൾ ഇല്ലാതാകുകയും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്തു.
ഏതാനും വർഷങ്ങളായി മങ്ങാട് പ്രദേശം വൻതോതിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലാണ്. ചില ഭൂവുടമകൾ വയലുകളും തോടുകളും നികത്തിയതും വെള്ളക്കെട്ട് രൂക്ഷമാക്കി.
കനത്ത മഴയിൽ വീടുകളടക്കം വെള്ളത്തിനടിയിലാകുന്ന അവസ്ഥയെ തുടർന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ അധികൃതർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് കേന്ദ്ര ദേശീയപാത വിഭാഗം ബൈപാസ് പ്രൊജക്ട് മാനേജർ അനിൽ കുമാർ ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചത്.
പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ തോട് നിർമിച്ച് വെള്ളത്തിന്റെ ഒഴുക്ക് ഉറപ്പുവരുത്തുമെന്ന് അറിയിച്ചു. തോട് നിർമാണ പ്രവൃത്തി തുടങ്ങിയിട്ടുമുണ്ട്. സമിതി ചെയർമാൻ വിജയൻ കയനാടത്തിന്റെ നേതൃത്വത്തിലായിരുന്നു അധികൃതർക്ക് നിവേദനം നൽകിയത്.
സമിതി ഭാരവാഹികളായ സി.കെ. രാജലക്ഷ്മി, സുധീർ കേളോത്ത്, ജലജ മുണ്ടോക്ക് എന്നിവരാണ് അധികൃതർക്കൊപ്പം സ്ഥലം സന്ദർശിച്ചത്.