മാഹി ബൈപാസിന് വീണ്ടും പ്രതിസന്ധി; പാർശ്വഭിത്തികൾ ഇടിയുന്നു
text_fieldsപള്ളൂർ മണൽകുന്നുമ്മൽ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച റീട്ടെയ്നിങ് വാളുകൾ തകർന്നപ്പോൾ അപകടഭീഷണിയിലായ വീടുകൾ
കണ്ണൂർ: നിർമാണം പൂർത്തിയാകാതെ നാളെ നാളെ നീളെ നീളെ രീതിയിൽ ഇഴയുന്ന മുഴപ്പിലങ്ങാട്-മാഹി ബൈപാസിന് വീണ്ടും പ്രതിസന്ധി. കാലവർഷം ശക്തമായതോടെ ബൈപാസിന്റെ പാർശ്വഭിത്തികൾ ഇടിയുന്നതാണ് പുതിയ തടസ്സം. നിർമാണത്തിനിടെ ബാലത്തിൽ മേൽപാലത്തിന്റെ ബീമുകൾ തകർന്നും പാലങ്ങളുടെ നീളം വർധിപ്പിക്കാൻ അനുമതി ലഭിക്കാതെയും റെയിൽവേയുടെ പരിശോധന, സമയത്തിന് നടക്കാതെയും ഇഴഞ്ഞുനീങ്ങിയ ബൈപാസിന് ഇരുട്ടടിയാണ് റീട്ടെയ്നിങ് വാളിന്റെ തകർച്ച.
30 മാസംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് അഞ്ചുവർഷം മുമ്പ് നിർമാണം തുടങ്ങിയിട്ടും ബൈപാസ് പൂർത്തിയാക്കാനായില്ല. കാലവർഷം ശക്തമായതോടെ പാലയാട്-ബാലം, മാഹി റെയിൽവേ മേൽപാലങ്ങളുടെ നിർമാണവും മെല്ലെപ്പോക്കിലാണ്. ഇതിനൊപ്പം മണ്ണിടിച്ചിൽ കൂടിയാകുമ്പോൾ പാതനിർമാണം ഇനിയും വൈകും.
പള്ളൂർ സബ് സ്റ്റേഷന് സമീപത്തെ മണൽകുന്നുമ്മൽ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച റീട്ടെയ്നിങ് വാൾ ബീമുകളാണ് തിങ്കളാഴ്ച കനത്ത മഴയിൽ തകർന്നത്. കോവിഡും കാലവർഷവും വില്ലനായതോടെയാണ് നിർമാണം ഇത്രയും വൈകിയത്. മാർച്ചിലും ഡിസംബറിലും നിർമാണം പൂർത്തിയാക്കാനാവുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവൃത്തി ഇഴയുന്നതിനാൽ അടുത്തവർഷമേ പാത തുറക്കാനാവൂ.
വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ബാലം പാലത്തിന്റെ നീളം വർധിപ്പിക്കാനായി രണ്ട് സ്പാനുകളുടെ പ്രവൃത്തി തുടങ്ങാനുണ്ട്. മാഹിക്കും മുക്കാളിക്കും ഇടയിൽ 150 മീറ്റർ നീളത്തിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി മാസങ്ങളായി ഇഴയുകയാണ്. വലിയ ഉയരമുള്ള പ്രദേശത്ത് കുന്നിടിച്ചാണ് ബൈപാസ് നിർമിച്ചത്. ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. പള്ളൂരിൽ ഭിത്തി തകർന്ന് കുന്നിനുമുകളിലെ വീടുകൾ തകർച്ച ഭീഷണിയിലായതോടെ മറ്റിടങ്ങളിലും മണ്ണിടിയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ചാലക്കര, ഇല്ലത്തുതാഴെ, മാടപ്പീടിക ഭാഗങ്ങളിലെ ഉയർന്നപ്രദേശങ്ങളിൽ ഉയരമുള്ള റീട്ടെയ്നിങ് വാൾ ബീമുകൾ ഉപയോഗിച്ചാണ് പാത നിർമിച്ചിരിക്കുന്നത്. ഉറപ്പുകുറഞ്ഞ മണ്ണും കുന്നുകളുമുള്ള ഭാഗങ്ങളിൽ ആവശ്യത്തിന് ഉയരമില്ലാതെയും വീടുകളുടെ സുരക്ഷ മാനിക്കാതെയുമാണ് പാത നിർമാണമെന്ന് പരാതിയുണ്ട്. നിലവിൽ പാതയുടെ ടാറിങ് 95 ശതമാനം പൂർത്തിയായിട്ടുണ്ട്. സുരക്ഷലൈനുകൾ വരക്കൽ, സുരക്ഷവേലി എന്നിവയുടെ പണി പുരോഗമിക്കുന്നതിനിടയിലാണ് റീട്ടെയ്നിങ് വാളുകൾ തകർന്നത്. ഇവ ഉടൻ പുനർനിർമിക്കുമെന്ന് കരാർ പ്രതിനിധികൾ പറഞ്ഞു.