യുവതിയെ മർദിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുത്തു; മൂന്നുപേർ അറസ്റ്റിൽ
text_fieldsമാഹി: പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി മർദിക്കുകയും മൊബൈലിൽ നഗ്ന ഫോട്ടോ പകർത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
പള്ളൂർ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രം വീട്ടിൽ സി.എച്ച്. ലിജിൻ (37), ലിജിന്റെ മാതാവ് രേവതി (57), പാറാൽ പൊതുവാച്ചേരി സ്കൂളിന് സമീപത്തെ നിധി നിവാസിൽ കെ.എം. നിമിഷ (26) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
പണമിടപാട് സംബന്ധിച്ച തർക്കം തീർക്കാനാണെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ വെച്ച് മൂവരും ചേർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ബലംപ്രയോഗിച്ച് വിവസ്ത്രയാക്കിയാണ് ഫോട്ടോ എടുത്തെതെന്നും യുവതി പരാതിയിൽ പറയുന്നു. മൂന്നുപേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

