മേയ് ദിനത്തിൽ ന്യൂമാഹി എം. മുകുന്ദൻ പാർക്ക് തുറക്കും
text_fieldsന്യൂമാഹി പെരിങ്ങാടിയിലെ എം. മുകുന്ദൻ പാർക്കിന്റെ പ്രവേശന കവാടം
ന്യൂമാഹി: ജില്ല പഞ്ചായത്ത് ന്യൂമാഹിയിൽ കുട്ടികൾക്കും വയോജനങ്ങൾക്കുമായി നിർമിച്ച എം. മുകുന്ദൻ പാർക്ക് മേയ് ദിനത്തിൽ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അറിയിച്ചു.
ജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാവുന്ന പാർക്കിൽ വലിയ ടൂറിസം സാധ്യതകളാണുള്ളതെന്ന് അവർ പറഞ്ഞു. വൈകിട്ട് അഞ്ചിനാണ് പാർക്ക് തുറന്ന് കൊടുക്കുക. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. മലബാർ ടൂറിസം ഡെവലപ്മെൻറ് കമ്പനിക്കാണ് (എം.ടി.ഡി.സി) പാർക്കിന്റെ നടത്തിപ്പ് ചുമതല.
പറശ്ശിനിക്കടവ് വിസ്മയ പാർക്ക് സംരംഭകരായ എം.ടി.ഡി.സിയുടെ രണ്ടാമത്തെ സംരംഭമാണ് ന്യൂ മാഹി എം. മുകുന്ദൻ പാർക്ക്. പെരിങ്ങാടിയിൽ ന്യൂമാഹി പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കിടക്കുന്ന മാഹി പുഴയോരത്തെ ജില്ലാ പഞ്ചായത്തിന്റെ 1.12 ഹെക്ടർ സ്ഥലത്താണ് പാർക്ക് നിർമിച്ചത്. മയ്യഴിപ്പുഴയുടെ തീരങ്ങളുടെ കഥാകാരൻ എം. മുകുന്ദനോടുള്ള ആദരസൂചകമായാണ് പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. നിർമിതി കേന്ദ്രമാണ് പാര്‍ക്ക് നിർമിച്ചത്. കോഴിക്കോട്ടെ ശില്പി ബാലന്‍ താനൂരാണ് മനോഹരമായ പ്രവേശന കവാടം ഉള്‍പ്പെടെയുള്ള പാര്‍ക്ക് രൂപകല്പന ചെയ്തത്. പാർക്കിന് സമീപം മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായുള്ള ബോട്ട് ജെട്ടിയും നിർമിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഓഫിസിന്റെ വലത് ഭാഗത്താണ് കുട്ടികളുടെ പാര്‍ക്ക്. ഓപണ്‍ സ്റ്റേജ്, പ്രകൃതിദത്തമായ ശിലകൾകൊണ്ടുള്ള ശില്പങ്ങൾ, വിശാലമായ കളിസ്ഥലങ്ങള്‍, കളിയുപകരണങ്ങള്‍, 25 പേര്‍ക്കിരിക്കാവുന്ന മൂന്ന് പവലിയനുകള്‍, പൂന്തോട്ടം, നടപ്പാതകള്‍, ചെറിയ കുളം, പാര്‍ക്കിന് കുറകെയുള്ള തോടിന് മുകളില്‍ മൂന്നിടത്ത് മേൽപാലങ്ങള്‍, മരച്ചോട്ടില്‍ ഒരുക്കിയ ഇരിപ്പിടങ്ങള്‍, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകള്‍, കാന്റീന്‍ സൗകര്യം, കുടിവെള്ളം, വൈദ്യുതി വിളക്കുകള്‍, ശൗചാലയങ്ങള്‍ എന്നിവയാണ് പാര്‍ക്കിലുള്ളത്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശന ഫീസിൽ ഇളവ് ലഭിക്കും. മേയ് ഒന്നിന് പ്രവേശനം സൗജന്യമാണ്. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഗസൽ സന്ധ്യയും ഉണ്ടാവും.
ഫീസ് നിരക്ക്
- പാർക്കിൽ പ്രവേശനത്തിന് 50രൂപ ടിക്കറ്റ് എടുക്കണം.
- 12 വയസ്സിന് താഴെയുള്ളവർ 25ഉം 60 വയസ്സിന് മുകളിലുള്ളവർ 30ഉം രൂപയാണ് നൽകേണ്ടത്.
- മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.