നാടൻ ബോംബുകൾ കണ്ടെടുത്തു
text_fieldsകണ്ടെടുത്ത ബോംബുകൾ
ന്യൂമാഹി: പെരിങ്ങാടി വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽനിന്ന് അഞ്ചുനാടൻ ബോംബുകൾ കണ്ടെടുത്തു. വ്യാഴാഴ്ച 12.30 ഓടെയാണ് ഇവ കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ ആദ്യഘട്ടത്തിൽ ഒന്നും കണ്ടെത്തിയില്ല.
തിരികെ വരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ മതിലിനോട് ചേർന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ചത് അസി. എസ്.ഐ അനിൽകുമാറിെൻറ ശ്രദ്ധയിൽപെട്ടത്. ഇവിടെ മണ്ണെടുത്തപ്പോൾ ഉള്ളിലേക്ക് പോയ നിലയിൽ പൈപ്പ് കണ്ടെത്തി. തുടർന്ന് സമീപത്തു നിന്ന് യന്ത്രം എത്തിച്ച് മണ്ണെടുത്തപ്പോൾ രണ്ടര അടി നീളമുള്ള പൈപ്പിനടിയിൽ 200 എം.എം നീളമുള്ള മറ്റൊരു പൈപ്പ് കണ്ടെത്തുകയും ചെയ്തു.
ഇതിനകത്താണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. വീടുകൾക്ക് മുന്നിൽ ദിനപത്രങ്ങൾ മഴ നനയാതിരിക്കാൻ ഉപയോഗിക്കുന്ന അതേ രീതിയിലാണ് ബോംബുകൾ സൂക്ഷിച്ചിരുന്നത്. ന്യൂമാഹി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തൊട്ടടുത്ത പറമ്പുകളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.

