മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി; നാല് യുവാക്കൾ അറസ്റ്റിൽ
text_fieldsമാഹി: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്ത സുഹൃത്തിനെ മർദിക്കുകയും ചെയ്ത അഞ്ചുപേരിൽ നാലുപേരെ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാത്രി 9.45ഓടെ മാഹി പാറക്കൽ ഐ.ബി.പി പെട്രോൾ പമ്പിലാണ് സംഭവം. എറണാകുളത്തേക്ക് പോകുന്നതിനിടെ ഇന്ധനം നിറക്കാൻ മാഹിയിൽ സുഹൃത്തിനോടൊപ്പം കാറിൽ വന്ന മാധ്യമ പ്രവർത്തകയോടാണ് മറ്റൊരു കാറിൽ എത്തിയ അഞ്ചംഗ സംഘം അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകയുടെ സുഹൃത്തിനെ സംഘം മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാറിലെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാൾ പൊലീസ് എത്തിയതോടെ ഓടിരക്ഷപ്പെട്ടു. മറ്റ് നാല് പ്രതികളെയും അറസ്റ്റുചെയ്തു. ഓർക്കാട്ടേരി ഏറാമല സ്വദേശികളായ മിഥുൻലാൽ (26), പടിഞ്ഞാറെ പുതിയോട്ടിൽ എം.പി. നിഖിൽ നാഥ് (24), കെ.കെ. വൈശാഖ് (28), കെ.കെ. നിഖിൽ (29) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മാഹി എസ്.ഐ ഇ.കെ. രാധാകൃഷ്ണൻ, എ.എസ്.ഐ സതീശൻ, ക്രൈം സ്ക്വാഡ് അംഗം സി.വി. ശ്രീജേഷ്, കോൺസ്റ്റബിൾ സന്തോഷ് കുമാർ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ മാഹി കോടതി റിമാൻഡ് ചെയ്തു. ഇവർ യാത്രചെയ്ത കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.