പൊന്ന്യത്തങ്കത്തിന് വൈബായി മാധ്യമം വൈബ്സ് ഓഫ് കേരള
text_fieldsതലശ്ശേരി പൊന്ന്യത്തങ്കത്തിന്റെ ഭാഗമായി മാധ്യമം വൈബ്സ് ഓഫ് കേരള ഒരുക്കിയ സംഗീതനിശ
കണ്ണൂർ: പൂഴിയും പൊടിയും പറന്നുയർന്ന പൊന്ന്യത്തങ്കത്തിനൊപ്പം ആവേശവും ആഘോഷ പ്രകമ്പനവുമായി മാധ്യമം വൈബ്സ് ഓഫ് കേരള. അങ്കത്തട്ടിലെ ഉറുമിയുടെയും വാളിന്റെയും സീൽക്കാര ശബ്ദം പോലെ തട്ടുപൊളിപ്പൻ ഗാനങ്ങൾ പൊന്ന്യത്തെ ഏഴരക്കണ്ടത്തിലെ പതിനായിരക്കണക്കിന് കാണികളെ ആവേശത്തിലാറാടിച്ചു. വടക്കൻ പാട്ടിലെ വീരനായകൻ തച്ചോളി ഒതേനന്റെയും പന്തീരായിരം അഭ്യാസികളുടെ ഗുരു കതിരൂർ ഗുരുക്കളുടെയും അങ്കത്തിനും മരണത്തിനും സാക്ഷിയായ പൊന്ന്യത്തെ മണൽത്തരികളെ ത്രസിപ്പിച്ച് മാധ്യമം ഒരുക്കിയ സംഗീതനിശയിൽ നാടാകെ ഒഴുകിയെത്തി.
ടോപ് സിങ്ങർ റിയാലിറ്റി ഷോ താരം കൗഷിക്, സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രിയങ്കരനായ ലിബിന് സ്കറിയ, ഹൃദയത്തോടുചേർന്ന് പാടുന്ന റിയാലിറ്റി ഷോ താരം സിജു, സ്റ്റാർ സിങ്ങർ വേദിയിലൂടെ കേരളത്തിന്റെ വാനമ്പാടിയായ നന്ദ, കേരളത്തിന്റെ ഖൽബ് കീഴടക്കിയ ക്രിസ്റ്റകല എന്നിവർ കാണികളുടെ മനംകവർന്നു. ഓരോ ഗായകരെയും നിറഞ്ഞ കൈയടികളോടെയാണ് നിറസദസ്സ് സ്വീകരിച്ചതും യാത്രയാക്കിയതും.
ലിബിൻ സ്കറിയയിലൂടെ ‘പ്രമദവനം വീണ്ടും ഋതുരാഗം ചൂടി’യതോടെ മാധ്യമം വൈബ്സ് ഓഫ് കേരളയെ പൊന്ന്യത്തെ പുരുഷാരം ഏറ്റുവാങ്ങി. നാടൻപാട്ടുകൾക്കൊപ്പം കാണികൾക്കിടയിലിറങ്ങി സിജുവും ‘ചിക്കു ബുക്കു റയിലി’നൊപ്പം ചുവടുവെച്ച് കൗഷികും ഓളം തീർത്തു. മാപ്പിളപ്പാട്ടിന്റെയും മെലഡികളുടെയും റാണിമാരായി ക്രിസ്റ്റകലയും നന്ദയും സദസ്സിനെ വേറെ വൈബിലാക്കി. മിന്നാമിനുങ്ങ് ഗാനത്തിനൊപ്പം മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തെളിച്ച് താളത്തിലാടി ആയിരങ്ങൾ നാടൻപാട്ടിന്റെ രാജകുമാരൻ കലാഭവൻ മണിക്ക് സ്മരണാഞ്ജലി അർപ്പിച്ചു.
തലശ്ശേരി പൊന്ന്യത്തങ്കത്തിന്റെ ഭാഗമായി മാധ്യമം വൈബ്സ് ഓഫ് കേരള ഒരുക്കിയ സംഗീതനിശയുടെ നിറഞ്ഞ സദസ്സ്
ആവേശമായി കുഞ്ചാക്കോ ബോബൻ
മാധ്യമം ഒരുക്കിയ സംഗീതനിശ വേദിയിൽ മുഖ്യാതിഥിയായി മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ എത്തിയത് ഇരട്ടി ആവേശമായി. പ്രിയതാരത്തെ നേരിൽ കണ്ടതോടെ പൊന്ന്യം ഏഴരക്കണ്ടത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങൾ ആർപ്പുവിളിച്ചു. കേരളത്തിന്റെ തനതായ ആയോധന കലാരൂപത്തെ ഏറ്റവും നല്ല രീതിയിൽ ലോകത്തിനുമുന്നിൽ കാണിക്കാൻ എല്ലാവർഷവും നടത്തുന്ന മഹോത്സവം അഭിനന്ദനമർഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമം സംഘടിപ്പിച്ച ഒരുപാട് പരിപാടികളിൽ പങ്കെടുത്തതിനാൽ ആ വൈബ് നന്നായറിയാം. വൈബ് ഓഫ് കേരളയിലൂടെ ഈയൊരു വൈബ് തലശ്ശേരിക്കാർക്കും ലഭിക്കുന്നതിൽ അതിശയോക്തിയില്ല. വലിയ ആവേശവും ആഘോഷവും രാത്രി വൈകിയ വേളയിലും കാണുന്നത് ഏറെ സന്തോഷമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
തലശ്ശേരി പൊന്ന്യത്തങ്കത്തിന്റെ ഭാഗമായി മാധ്യമം വൈബ്സ് ഓഫ് കേരളയുടെ ഉദ്ഘാടന വേദിയിൽ സ്പീക്കർ എ.എൻ. ഷംസീർ, നടൻ കുഞ്ചാക്കോ ബോബൻ, കണ്ണങ്കണ്ടി റീജനൽ മാനേജർ വിജയ്, ലുലു സാരീസ് ആൻഡ് ലുലു ഗോൾഡ് സി.ഇ.ഒ ജുനൈദ് മുഹമ്മദ്, ലവേസ് ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ടി.വി. അനസ്, ഫാദിൽ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെ.എസ്.എ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, മാധ്യമം കോഴിക്കോട് റീജനൽ മാനേജർ ടി.സി. അബ്ദുൽ റഷീദ് എന്നിവർ
സ്പീക്കർ എ.എൻ. ഷംസീർ വൈബ്സ് ഓഫ് കേരളയുടെ സ്പോൺസർമാരെ മെമന്റോ നൽകി ആദരിച്ചു. കണ്ണങ്കണ്ടി റീജനൽ മാനേജർ വിജയ്, ലുലു സാരീസ് ആൻഡ് ലുലു ഗോൾഡ് സി.ഇ.ഒ ജുനൈദ് മുഹമ്മദ്, ലവേസ് ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ടി.വി. അനസ്, ഫാദിൽ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെ.എസ്.എ എന്നിവർ സ്പീക്കറിൽനിന്ന് ആദരം ഏറ്റുവാങ്ങി. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, മാധ്യമം കോഴിക്കോട് റീജനൽ മാനേജർ ടി.സി. അബ്ദുൽ റഷീദ്, സംവിധായകൻ ജിത്തു അഷ്റഫ്, സിനിമ താരങ്ങളായ വിശാഖ് നായർ, ഐശ്വര്യ, ലയ, വിഷ്ണു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

