യന്ത്രം എത്തി; ചേലോറയിലെ മാലിന്യക്കൂമ്പാരം പഴങ്കഥയാകും
text_fieldsചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യസംസ്കരണത്തിനായെത്തിച്ച സ്ക്രീനർ
കണ്ണൂർ: അരനൂറ്റാണ്ടിലേറെയായി ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളിയ മാലിന്യം നീക്കാൻ നടപടിയാകുന്നു. ഗ്രൗണ്ടിൽ തള്ളിയ മാലിന്യം വേർതിരിച്ച് നീക്കം ചെയ്യുന്നതിനുള്ള ആധുനിക യന്ത്രസാമഗ്രികൾ (സ്ക്രീനർ) വഹിച്ചുള്ള വാഹനം പുണെയിൽനിന്നു ഞായറാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തി. മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് മാറ്റാൻ ഉപകരിക്കുന്നതാണ് യന്ത്രം.
സാധാരണ തരംതിരിക്കുന്നതിനെക്കാളും നാലിലൊന്ന് സമയം മാത്രമേ ആവശ്യമുള്ളൂ. പാലക്കാട് ആസ്ഥാനമായുള്ള റോയൽ വെസ്റ്റേൺ എന്ന സ്വകാര്യ കമ്പനിയാണ് എട്ടു കോടിക്ക് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കുന്നതിന് കരാറെടുത്തിട്ടുള്ളത്.
കമ്പനിയുടെ മേൽനോട്ടത്തിലാണ് സ്ക്രീനർ കണ്ണൂരിലെത്തിച്ചത്. ഒരാഴ്ചക്കകം മാലിന്യം നീക്കുന്ന പ്രവൃത്തി തുടങ്ങുമെന്ന് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. രാജേഷ് അറിയിച്ചു.
60 വർഷത്തിലേറെയായി നഗരപരിധിയിൽനിന്നുള്ള മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളാൻ തുടങ്ങിയിട്ട്. ഇത് പ്രദേശവാസികൾക്കടക്കം ദുരിതം വിതക്കാൻ തുടങ്ങിയതോടെയാണ് മാലിന്യക്കൂമ്പാരം ഇവിടെനിന്ന് നീക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
ബയോ മൈനിങ് സംവിധാനമുള്ള സ്ക്രീനർ ഉപയോഗിച്ച് പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങളെ മണ്ണിൽനിന്ന് വേർതിരിക്കും. തുടർന്ന് ഇവ സിമന്‍റ് ഫാക്ടറികളടക്കമുള്ള ഇടങ്ങളിലേക്ക് അസംസ്കൃത വസ്തുക്കളാക്കാൻ കൈമാറും. ഇത്തരത്തിൽ ഒരു വർഷത്തിനകം ഗ്രൗണ്ടിലെ മാലിന്യം മുഴുവൻ നീക്കാനാണ് സ്വകാര്യ കമ്പനി കോർപറേഷനുമായി ധാരണയുണ്ടാക്കിയത്.
ജൈവമാലിന്യങ്ങളെ വളമാക്കി മാറ്റും. ഇതിനുള്ള കമ്പോസ്റ്റ് യൂനിറ്റ് ചേലോറയിൽ ഉടൻ ആരംഭിക്കും. ഒരു വർഷത്തിനകം കണ്ണൂരിനെ 'സീറോ വേസ്റ്റ്' നഗരമാക്കാനാണ് നീക്കമെന്ന് എം.പി. രാജേഷ് പറഞ്ഞു. ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിലെ സ്ക്രീനർ യന്ത്രം മേയർ ടി.ഒ. മോഹനന്‍റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. മാലിന്യം നീക്കി ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കാനും കോർപറേഷന് നീക്കമുണ്ട്.