ബൈ ബൈ 2023...
text_fieldsകണ്ണൂരിന് മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച് 2023 കലണ്ടർ താളുകളിൽനിന്ന് മറയുകയാണ്. നേട്ടങ്ങളും ദുരന്തങ്ങളും വിയോഗങ്ങളും ഏറെയാണ്. ഈ വർഷം അവസാനിക്കുമ്പോൾ കഴിഞ്ഞുപോയ പ്രധാന ദിവസങ്ങളും സംഭവങ്ങളും ഒന്നുകൂടി ഓർത്തെടുക്കാം..
‘പൊളി’ സ്റ്റേഷൻ
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടത് പ്രവർത്തന മികവിനുള്ള അംഗീകാരം. കുറ്റാന്വേഷണത്തിലെ കാര്യക്ഷമതക്കും സാമൂഹിക പ്രതിബന്ധതക്കുമുള്ള നേട്ടം.
ഹാട്രിക് കണ്ണൂർ
ഉയർന്ന വിജയശതമാനം സംസ്ഥാനതലത്തിൽ കുത്തകയാക്കി എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായ മൂന്നാംവർഷവും കണ്ണൂരിന്റെ വിജയഗാഥ. 99.94 ശതമാനം വിജയവുമായാണ് ഇത്തവണ സംസ്ഥാനത്ത് ഒന്നാമതായത്. മുഴുവൻ വിഷയത്തിലും 6,803 പേർ എ പ്ലസ് നേടി. 195 സ്കൂളുകൾക്ക് നൂറുമേനി.
ആഗോളനിക്ഷേപക സംഗമം
കണ്ണൂരിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാനുളള ശ്രമത്തിന്റെ ഭാഗമായി ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച ആഗോളനിക്ഷേപക സംഗമം ശ്രദ്ധേയമായി. ഒക്ടോബര്‍ 30, 31 തീയതികളിൽ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടന്ന സംഗമത്തിൽ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സംരഭങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇരുന്നൂറോളം പ്രവാസി നിക്ഷേപകര്‍ പങ്കെടുത്തു.
ദ്രോണാചാര്യ പുരസ്കാരം
ഉത്തരമലബാറിൽനിന്ന് ഉത്തരേന്ത്യൻ കബഡിയുമായി കളിക്കളത്തിലെത്തിയ കരിവള്ളൂര്‍ കൊടക്കാട് സ്വദേശി ഇ. ഭാസ്കരനെ തേടി ദ്രോണാചാര്യ പുരസ്കാരം.
കണ്ണൂരിന്റെ കണ്ണീരോർമയായി കർഷക ആത്മഹത്യ
പേരാവൂരിനടുത്തുള്ള കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ക്ഷീരകർഷകനായ എം.ആർ. ആൽബർട്ടിനെ നവംബർ 27ന് പുലർച്ചയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കേരള ബാങ്ക് ശാഖയില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
വന്യമൃഗശല്യം രൂക്ഷമായതിനാൽ രണ്ടേക്കർ കൃഷിയിടവും വീടും ഉപേക്ഷിക്കേണ്ടിവന്നതിൽ മനംനൊന്താണ് ഇരിട്ടിക്കടുത്ത് അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യന് നവംബർ 15ന് ജീവനൊടുക്കിയത്. 22ന് നവകേരള യാത്ര പേരാവൂർ മണ്ഡലത്തിലെത്തുമ്പോൾ മുഖ്യമന്ത്രിക്ക് നൽകാൻ ദീർഘമായ കുറിപ്പ് എഴുതിവെച്ചിരുന്നു.
പയ്യാവൂർ ചീത്തപ്പാറയിലെ കർഷകനായ വ്യാപാരി കടബാധ്യതമൂലം ജീവനൊടുക്കിയത് ഡിസംബർ രണ്ടിന്. മികച്ച ക്ഷീരകർഷകനുള്ള അവാർഡ് നേടിയ മറ്റത്തിൽ ജോസഫിനെയാണ് വീടിനു സമീപത്തെ പറമ്പിലുള്ള മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വാഹനം കത്തിയമർന്ന് മരണങ്ങൾ
ഓട്ടത്തിനിടെ വാഹനം കത്തിയമർന്ന് ഈ വർഷം ജില്ലയിൽ മരിച്ചത് നാലുപേർ. കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം കാർ കത്തി ഗർഭിണിയും ഭർത്താവും വെന്തുമരിച്ചത് ഫെബ്രുവരി ഒന്നിന്. പ്രസവവേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റിയാട്ടൂർ സ്വദേശി റീഷയും ഭർത്താവ് പ്രജിത്തുമാണ് മരിച്ചത്.
ആറാംമൈലിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ അഗ്നിഗോളമായത് ഒക്ടോബർ 13ന്. വണ്ടിയിലുണ്ടായിരുന്ന പാറാട് സ്വദേശികളായ ഓട്ടോറിക്ഷ ഡ്രൈവർ അഭിലാഷ്, സുഹൃത്ത് സജീഷ് (36) എന്നിവർ നിമിഷങ്ങൾക്കകം കത്തിയമർന്നു. സജീഷിന്റെ ആറാം മൈലിലെ സഹോദരിയുടെ വീട്ടിൽ പോകുന്നതിനിടയിലാണ് അപകടം.
മാവോവാദി ഭീതി
നവംബർ 13ന് അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിയിലുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കവിത കൊല്ലപ്പെട്ടതായി വയനാട് തിരുനെല്ലിയിൽ പോസ്റ്ററുകൾ പതിച്ചതോടെ മലയോരം ഞെട്ടലിൽ. 13ന് രാവിലെ 9.30 ഓടെ മാവോവാദികളും പൊലീസും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ രണ്ടുദിവസം നീണ്ടുനിന്നിരുന്നു.
വെടിയേറ്റ കവിതയെ രക്ഷപ്പെടുത്തി ചികിത്സ നൽകിയെന്നും പശ്ചിമഘട്ടത്തിൽ പൂർണ ബഹുമതികളോടെ സംസ്കരിച്ചെന്നും മാവോവാദി പത്രക്കുറിപ്പിൽ പറയുന്നു. തിരിച്ചടിക്കാനുള്ള ഇവരുടെ ആഹ്വാനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മലയോരത്ത് ഒരുക്കിയിരിക്കുന്നത്.
നോവായി നിഹാൽ
ജൂൺ 12 മുഴപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത 11 കാരനെ തെരുവുനായ് കടിച്ചുകൊന്നത് നോവുന്ന ഓർമയായി. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലാണ് മരിച്ചത്. വൈകീട്ട് മുതൽ കാണാതായ കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാട്ടാനക്കലി
ഏപ്രിൽ 12ന് ചെറുപുഴ രാജഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന് സെബാസ്റ്റ്യനാണ് (21) മരിച്ചത്. ഒക്ടോബർ 11ന് ഇരിട്ടി ഉളിക്കലിൽ ഇറങ്ങിയ കാട്ടാന അതൃശ്ശേരി ജോസിനെ ചവിട്ടിക്കൊന്നു. ആന ഓടിയ വഴിയിൽ ജോസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ട്രെയിനുകൾക്ക് നേരെ തീക്കളി
ട്രെയിനുകൾക്ക് നേരെ ഏറ്റവും കൂടുതൽ ആക്രമണം നടന്ന വർഷമാണ് കടന്നുപോകുന്നത്. ഏപ്രിൽ രണ്ടിന് ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ ന്യൂഡൽഹി ഷഹീൻബാഗ് സ്വദേശി ഷാരൂഖ് സൈഫി (27) യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനില്‍ യാത്ര ചെയ്ത പാപ്പിനിശ്ശേരി സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്.
ജൂൺ ഒന്നിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ ബോഗി പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ കൽകത്ത നോർത്ത് ഫർഗാന സ്വദേശി പ്രസൂൺജിത്ത് സിദ്ഗർ അറസ്റ്റിലായി.
ട്രെയിനുകൾക്ക് നേരെ കല്ലേറും വ്യാപകം. വന്ദേഭാരതിനും നേത്രാവതിക്കും ചെന്നൈ സൂപ്പർ ഫാസ്റ്റിനും മാവേലി എക്സ്പ്രസിനുംനേരെ കല്ലേറുണ്ടായി. ഒഡിഷ ഖോർധ സ്വദേശി സർവേഷ്, ന്യൂമാഹി സ്വദേശി സൈതീസ് ബാബു തുടങ്ങിയവർ വിവിധ സംഭവങ്ങളിൽ പിടിയിലായി. പാളത്തിൽ കല്ലും മരവും കയറ്റിവെച്ച സംഭവങ്ങളും നിരവധി.
തട്ടിപ്പ് @ഓൺലൈൻ
ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകൾ നടന്ന വർഷമാണിത്. ഓൺലൈൻ തട്ടിപ്പിനിരയായ ജ്വല്ലറി ജീവനക്കാരി കടലിൽചാടി ജീവനൊടുക്കിയ സംഭവവുമുണ്ടായി. ആറുമാസത്തിനിടെ രജിസ്റ്റർ ചെയ്ത പാർട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകേസുകളിൽ മൂന്നുകോടി രൂപയാണ് നഷ്ടമായത്. ഒ.എൽ.എക്സ്, ആമസോൺ, ഒ.ടി.പി തുടങ്ങിയവയുടെ പേരിലെല്ലാം തട്ടിപ്പാണ്. ഒ.എൽ.എക്സിൽ പരസ്യം കണ്ട് ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് നടത്തിയ ജയ്പൂർ സ്വദേശി അക്ഷയ് ഖോർവാളിനെ പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത് നേട്ടമായി.
കുടുംബത്തിലെ അഞ്ചുപേർ മരിച്ചനിലയിൽ
കണ്ണൂര്‍ ചെറുപുഴയില്‍ മൂന്ന് കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത് മേയ് 24ന്. ചെറുപുഴയില്‍ മൂളപ്ര വീട്ടില്‍ ഷാജി, സുഹൃത്ത് ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുകുട്ടികളുടെയും ശരീരത്തില്‍ അമിതമായി ഉറക്കഗുളികകള്‍ നല്‍കിയതിന്റെ തെളിവുകള്‍ കണ്ടെത്തി.
പൊലീസിന് നേരെ വെടി
നവംബർ നാലിനാണ് ചിറക്കലിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാർക്കുനേരെ പ്രതിയുടെ പിതാവിന്റെ വെടിവെപ്പുണ്ടായത്. വളപട്ടണം എസ്.ഐയും സംഘവും തലനാരിഴക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയ ആക്രമിച്ച കേസിലെ പ്രതി റോഷനെ പിടികൂടാനെത്തിയ പൊലീസിനുനേരെ പിതാവ് ഡോ. ബാബു ഉമ്മൻ റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ വെടിവെക്കുകയായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
വ്യാജന്മാരെ തുരത്താൻ കണ്ണൂർ സർവകലാശാല
വ്യാജരേഖകൾ കൈയോടെ പിടികൂടാൻ കണ്ടുപിടിത്തവുമായി കണ്ണൂർ സർവകലാശാല. ഫിസിക്സ് വിഭാഗം ഗവേഷകരാണ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച കണ്ടുപിടിത്തത്തിന് പിന്നിൽ. എൽസെവിയർ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ജേണലായ മെറ്റീരിയൽസ് ടുഡേ കമ്യൂണിക്കേഷനിൽ (എം.ടി.സി) സർവകലാശാലയിലെ ഫിസിക്സ് പഠനവിഭാഗം മേധാവിയും റിസർച് ഗൈഡുമായ ഡോ. കെ.എം. നിസാമുദ്ദീൻ, ഗവേഷകരായ വി.പി. വീണ, സി.കെ. ശിൽപ, എസ്.വി. ജാസിറ എന്നിവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചു.
കെ.യു.എൽ.എഫ്
കണ്ണൂർ സർവകലാശാല യൂനിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണൂർ സർവകലാശാല ലിറ്ററേചർ ഫെസ്റ്റ് (കെ.യു.എൽ.എഫ്) ശ്രദ്ധേയമായി. തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ, ടി. പത്മനാഭൻ, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രിയ വർഗീസിന് നിയമനം
വിവാദങ്ങൾക്കും ഹൈകോടതി ഇടപെടലിനുമൊടുവിൽ കണ്ണൂർ സർവകലാശാല അസോ. പ്രഫസറായി പ്രിയ വർഗീസ് ചുമതലയേറ്റത് ജൂലൈ 12ന്. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്. നീലേശ്വരം കാമ്പസിലാണ് അസോ. പ്രഫസറായി ജോലിയിൽ പ്രവേശിച്ചത്.
വി.സി പുറത്തേക്ക്
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി നവംബർ 30ന് സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
ജെമിനി ശങ്കരൻ തമ്പൊഴിഞ്ഞു
സർക്കസ് ഇതിഹാസം ജെമിനി ശങ്കരൻ (99) 2023ന്റെ പ്രധാന നഷ്ടമാണ്. എപ്രിൽ 23നാണ് അദ്ദേഹം വിടപറഞ്ഞത്. ജംബോ, ജെമിനി സർക്കസുകളുടെ ഉടമയായിരുന്നു.
തലശ്ശേരി കവളശ്ശേരി രാമന്റെയും മൂർക്കോത്ത് കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമനായാണ് മൂർക്കോത്ത് വലിയവീട്ടിൽ ശങ്കരൻ എന്ന ജെമനി ശങ്കരന്റെ ജനനം. തന്റെ നക്ഷത്രത്തെ അനുസ്മരിച്ച് ആദ്യ സർക്കസ് സംരംഭത്തിന് ജെമിനിയെന്ന പേര് നൽകിയതോടെയാണ് ജെമിനി ശങ്കരനെന്ന് അറിയപ്പെടാൻ തുടങ്ങിയത്. സർക്കസിന്റെ കുലപതി കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറുടെ ശിഷ്യനായാണ് സർക്കസിലെത്തുന്നത്.
പി.പി. മുകുന്ദന്റെ വിയോഗം
സംഘ്പരിവാര്‍ നേതാവും ബി.ജെ.പി മുന്‍ സംഘടന ജനറല്‍ സെക്രട്ടറിയുമായ പി.പി. മുകുന്ദന് (77) സെപ്റ്റംബർ13ന് നിര്യാതനായി. കണ്ണൂര്‍ കൊട്ടിയൂര്‍ മണത്തണ കൊളങ്ങരയത്ത് പരേതരായ കൃഷ്ണന് നായര്‍-കല്യാണിയമ്മ എന്നിവരുടെ മകനാണ്. ദീര്‍ഘകാലം ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗമായിരുന്നു. മണത്തല യു.പി സ്കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

