ലോക്സഭ തെരഞ്ഞെടുപ്പ്; കണ്ണൂർ പിടിക്കാൻ സി.പി.എം
text_fieldsകണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ കൈവിട്ടത് തിരിച്ചുപിടിക്കാൻ ജില്ല സെക്രട്ടറി എം.വി. ജയരാജനെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി ഉറപ്പിച്ചതോടെ കണ്ണൂരിൽ പോര് മുറുകുമെന്ന് ഉറപ്പായി. പാർട്ടിയുടെ അഭിമാന കോട്ട യു.ഡി.എഫിൽ നിന്നു പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിലാണ് മുൻ എം.എൽ.എ കൂടിയായ എം.വി. ജയരാജനെ തന്നെ എൽ.ഡി.എഫ് കളത്തിലിറക്കുന്നത്. ഇതോടെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ യു.ഡി.എഫിനായി വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇരട്ട പദവിയിൽ തുടരുന്ന സുധാകരൻ ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ വീണ്ടും കണ്ണൂരിൽ മത്സരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കരുത്തനായ സ്ഥാനാർഥിയായ എം.വി. ജയരാജൻ തന്നെ എൽ.ഡി.എഫിനായി അങ്കത്തിനിറങ്ങിയാൽ യു.ഡി.എഫിൽ നിന്നും കരുത്തനായ സ്ഥാനാർഥിയെ ഇറക്കേണ്ടി വരും. ഇതോടെയാണ് സുധാകരന്റെ സ്ഥാനാർഥിത്വം വീണ്ടും പാർട്ടിയിൽ സജീവമായത്.
വടകര ലോക്സഭ മണ്ഡലം കെ.കെ ശൈലജയെ ഇറക്കി തിരിച്ചു പിടിക്കാനാണ് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കണ്ണൂർ മണ്ഡലത്തിലാണ് ശൈലജയെ തീരുമാനിച്ചിരുന്നതെങ്കിലും കണ്ണൂരും വടകരയും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ എം.വി. ജയരാജനെയും ശൈലജയും മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിന്റെ കരുത്തുറ്റ നേതാവ് കെ. മുരളീധരനാണ് വടകരയിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയാവുക. മുൻ എം.എൽ.എ ടി.വി. രാജേഷിനെ കാസർകോട്ടേക്കും പാർട്ടി ആദ്യം പരിഗണിച്ചിരുന്നെങ്കിലും അതേ ജില്ലക്കാരൻ തന്നെ വേണമെന്നതിനാൽ മാറ്റുകയായിരുന്നു. തലശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വടകര ലോക്സഭ മണ്ഡലം.
പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കാസർകോട് ലോക്സഭ മണ്ഡലം. ബാക്കിയുള്ള നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കണ്ണൂർ ലോക്സഭ മണ്ഡലം. ഏകകണ്ഠമായാണ് എം.വി. ജയരാജനെ പാർട്ടി തീരുമാനിച്ചത്. സ്ഥാനാർഥിയാകുന്നതോടെ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി കൈമാറിയേക്കും. തെതിരഞ്ഞെടുപ്പിന് പാർട്ടിയെ നയിക്കുകയെന്ന ചുമതലയായിരിക്കും പകരക്കാരന്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ പി. ജയരാജൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് എം.വി. ജയരാജൻ ജില്ല സെക്രട്ടറിയുടെ ചുമതല ഏറ്റെടുക്കുന്നത്. വടകരയിൽ പരാജയപ്പെട്ട പി. ജയരാജന് പിന്നീട് സെക്രട്ടറി സ്ഥാനം തിരികെക്കിട്ടിയില്ല. കഴിഞ്ഞ ജില്ല സമ്മേളനത്തിൽ എം.വി. ജയരാജൻ വീണ്ടും സെക്രട്ടറിയാവുകയായിരുന്നു. യു.ഡി.എഫിനായി കണ്ണൂരിൽ കെ. സുധാകരനും വടകരയിൽ കെ. മുരളീധരനും കൂടി വീണ്ടും മത്സരത്തിനിറങ്ങുന്നതോടെ ജില്ലയിൽ പോര് കടുക്കുമെന്ന് ഉറപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

