ജന്മനാട്ടിൽ വോട്ടുതേടി ജയരാജൻ
text_fieldsഎ.കെ.ജി നഴ്സിങ് സ്കൂളിൽ എം.വി. ജയരാജൻ വിദ്യാർഥികൾക്കും ജീവനക്കാർക്കുമൊപ്പം സെൽഫിയെടുക്കുന്നു
കണ്ണൂർ: ജന്മനാടായ പെരളശ്ശേരിയിലും പരിസരത്തും നടന്ന കുടുംബയോഗത്തിൽ പങ്കെടുത്ത് വോട്ടഭ്യർഥിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ. പെരളശ്ശേരിയിലും മക്രേരിയിലുമായി നാലു കുടുംബയോഗത്തിൽ പങ്കെടുത്താണ് വെള്ളിയാഴ്ചത്തെ പര്യടനം തുടങ്ങിയത്. തുടർന്ന് മൂന്നുപെരിയ ദിനേശിൽ എത്തി. തന്നെ രാഷ്ട്രീയ നേതാവാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ബീഡി കമ്പനികളിൽ ജയരാജന് സ്വീകരണം നൽകി. ചെറുമാവിലായി സ്കൂളും വാട്ടർ അതോറിറ്റി ഓഫിസും സന്ദർശിച്ചു. എ.കെ.ജി നഴ്സിങ് സ്കൂളിലും പാരാമെഡിക്കൽ കോളജിലും സ്വീകരണം ഏറ്റുവാങ്ങിയശേഷം കടമ്പൂരും കടമ്പൂർ നോർത്തിലും കുടുംബയോഗത്തിൽ പങ്കെടുത്തു. മുഴപ്പാല ബി.എഡ് കോളജ്, നാളികേര സംസ്കരണ യൂനിറ്റ്, കാവിൻമൂല ദിനേശ്, കുഴിമ്പാലോട് ദിനേശ് എന്നിവിടങ്ങളിലെ സന്ദർശനശേഷം ചോരയാക്കുണ്ട് മുത്തപ്പൻ ക്ഷേത്രത്തിലെത്തി.
വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റ്, മിഠായി കമ്പനി, പന്തക്കപ്പാറ ഖാദി, ദിനേശ്, കാപ്പുമ്മൽ വനിത സൊസൈറ്റി, കാപ്പുമ്മൽ ദിനേശ് എന്നിവിടങ്ങളിലും വോട്ടുതേടി ജയരാജനെത്തി. തട്ടാരിയിലും ചിറക്കുനിയിലും ധർമടത്തും റോഡ് ഷോ നടന്നു. കടമ്പൂർ ലൈഫ് ഫ്ലാറ്റ് കുടുംബ സംഗമത്തിലും പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കളായ കെ. ശശിധരൻ, കെ. ബാബുരാജ്, എം.കെ. മുരളി, ടി. അനിൽ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. ശനിയാഴ്ച മട്ടന്നൂർ മണ്ഡലത്തിലാണ് പര്യടനം.

