‘നിറയട്ടെ നിറങ്ങള്‍ മറയട്ടെ മാലിന്യങ്ങള്‍’; കണ്ണൂര്‍ ദസറ നാളെ തുടങ്ങും
text_fieldsകണ്ണൂര്‍ ദസറയുടെ ഭാഗമായി കണ്ണൂര്‍ കോര്പറേഷന് കുടുംബശ്രീ അവതരിപ്പിച്ച മെഗാ
തിരുവാതിര
കണ്ണൂര്‍: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ലക്ഷ്യമിട്ടുള്ള വ്യാപാര ഉത്സവം ‘കണ്ണൂർ ദസറ’ ഞായറാഴ്ച തുടങ്ങും. ഒക്ടോബര്‍ 15 മുതല്‍ 23 വരെ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മേളക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായി. ‘നിറയട്ടെ നിറങ്ങള്‍ മറയട്ടെ മാലിന്യങ്ങള്‍’ എന്നാണ് മേളയുടെ മുദ്രാവാക്യം. ഒമ്പതുനാൾ നീളുന്ന മേളയിൽ വിവിധ കലാ സാംസ്കാരിക സംഗീത പരിപാടികളാണ് അരങ്ങേറുകയെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് കെ. സുധാകരന് എം.പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന് ടി. പത്മനാഭന് ദീപം തെളിയിക്കും. സിനിമതാരം രമേഷ് പിഷാരടി, രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ, സജീവ് ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രഗത്ഭ മ്യൂസിക് ബാന്‍ഡായ ആല്‍മരം മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും.
രണ്ടാം ദിനമായ തിങ്കളാഴ്ച വൈകീട്ട് 5.30 ന് സാംസ്കാരിക സമ്മേളനം കെ.വി. സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സിനിമതാരം രചന നാരായണന് കുട്ടി അവതരിപ്പിക്കുന്ന കുച്ചിപ്പുടി അരങ്ങേറും. മൂന്നാം ദിവസം സാംസ്കാരിക സമ്മേളനത്തിൽ എഴുത്തുകാരന് കല്പറ്റ നാരായണന് മുഖ്യാതിഥിയാകും. തുടര്‍ന്ന് പത്മശ്രീ പെരുവനം കുട്ടന് മാരാര്‍ നയിക്കുന്ന പാണ്ടിമേളം നടക്കും.
നാലാം ദിനമായ ബുധനാഴ്ച സാംസ്കാരിക സമ്മേളനം പി. സന്തോഷ് കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് മുഖ്യാതിഥിയാകും. സിനിമ താരം ആശ ശരത്ത് നയിക്കുന്ന 'ആശാനടനം' അരങ്ങേറും. അഞ്ചാം ദിവസം സാംസ്കാരിക സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്യും. സിനിമ-സീരിയല്‍ താരം നസീര്‍ സംക്രാന്തി നയിക്കുന്ന 'ബംബര്‍ ചിരി മെഗാ ഷോ' അരങ്ങേറും.
ആറാമത്തെ ദിനമായ വ്യാഴാഴ്ച സാംസ്കാരിക സമ്മേളനം കെ. മുരളീധരന് എം.പി ഉദ്ഘാടനം ചെയ്യും. ഗായകന് വി.ടി. മുരളി മുഖ്യാതിഥിയാകും. തുടര്‍ന്ന് കണ്ണൂര്‍ ഷെരീഫ് നയിക്കുന്ന ഗാനമേള അരങ്ങേറും. ഏഴാം ദിവസമായ ശനിയാഴ്ച പ്രസീത ചാലക്കുടി നയിക്കുന്ന 'പതി ഫോക് ബാന്‍ഡ്' അരങ്ങേറും. എട്ടാം ദിനമായ ഞായറാഴ്ച യുംന അജിന് നയിക്കുന്ന 'യുംന ലൈവ്' ഖവാലി-ഗസല്‍ അരങ്ങേറും.
സമാപന ദിനമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ഡോ. എം.പി. അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. പിന്നണി ഗായിക സയനോര ഫിലിപ്പ് മുഖ്യാതിഥികളാകും. തുടര്‍ന്ന് അജയ് ഗോപാല്‍ നയിക്കുന്ന ഗാനമേള നടക്കും.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്ഥിരംസമിതി ചെയര്‍മാരായ എം.പി. രാജേഷ്, അഡ്വ. പി. ഇന്ദിര, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി. രവീന്ദ്രന്, എന്‍. ഉഷ, ദസറ കോഓഡിനേറ്റര്‍ കെ.സി. രാജന്, വി.സി. നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

