ഇത്തവണ മത്സരം കനക്കും
text_fieldsതളിപ്പറമ്പ്: 1967ൽ മണ്ഡലം രൂപവത്കൃതമായതിന് ശേഷം 1970ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.പി. ഗോവിന്ദൻ നമ്പ്യാർ നേടിയ അട്ടിമറിവിജയം മാറ്റിനിർത്തിയാൽ എല്ലാ കാലത്തും മണ്ഡലം ഇടതിനൊപ്പമാണ്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ യുവ നേതാവ് നേടിയ വോട്ടുനിലയിലുണ്ടായ മാറ്റങ്ങൾ ഇത്തവണ പോരാട്ടത്തിന് യു.ഡി.എഫിന് കരുത്തേകുന്നു.
2016ൽ എൽ.ഡി.എഫ് സ്ഥാനാർഥി ജയിംസ് മാത്യു നേടിയത് 40,617 വോട്ടിന്റെ ഭൂരിപക്ഷമാണ്. 2021ൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 22,689 ആയി. യു.ഡി.എഫിന്റെ യുവനേതാവ് വി.പി. അബ്ദുൽ റഷീദിനെയാണ് തോൽപിച്ചത്. ഭൂരിപക്ഷം കുത്തനെ കുറക്കാനായതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം ഇത്തവണ 2,31,012 ആയി വർധിച്ചതും (17,916 പേരുടെ വർധന) നിർണായകമാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടരുന്ന നിലവിലെ എം.എൽ.എ എം.വി. ഗോവിന്ദൻ ഇത്തവണ മത്സരരംഗത്ത് ഇല്ല. അദ്ദേഹത്തിന്റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയാണ് മത്സരരംഗത്ത് എത്തുന്നത്. എം.വി. ജയരാജൻ, എം.വി. നികേഷ് കുമാർ, എൻ. സുകന്യ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. ശ്യാമളക്കെതിരെ ഇടത് അണികളിൽ നിന്നുപോലും എതിർപ്പ് ഉയർന്നുവരുന്നു.
വിദ്യാർഥി-യുവജന - മഹിള സംഘടനാ രംഗത്തും പാർട്ടി തലത്തിലും പടിപടിയായി ഉയർന്ന് വന്ന ശ്യാമളക്ക് എം.എൽ.എ സ്ഥാനാർഥിയാവാൻ യോഗ്യതയുണ്ടെന്നാണ് എതിർപ്പുകളുടെ മുനയൊടിക്കാൻ നിരത്തുന്ന വാദങ്ങൾ. അതുകൊണ്ട് തന്നെ ഇടതു കോട്ട കാത്ത് ശ്യാമള വിജയിക്കുമെന്നു തന്നെയാണ് നേതൃത്വം വിലയിരുത്തുന്നത്.
എന്നാൽ, യു.ഡി.എഫിൽ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞതവണ മികച്ച പ്രകടനം നടത്തിയ വി.പി. അബ്ദുൽ റഷീദിന് തന്നെയാണ് പ്രഥമ പരിഗണന. കൊയ്യം ജനാർദനൻ, മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ കപ്പച്ചേരി, രജനി രമാനന്ദ് എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.
തളിപ്പറമ്പ്, ആന്തൂർ, ചപ്പാരപ്പടവ്, പരിയാരം, കുറുമാത്തൂർ, കൊളച്ചേരി, കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം തുടങ്ങിയ ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെട്ടതാണ് തളിപ്പറമ്പ് മണ്ഡലം. ഇതിൽ തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുകളും യു.ഡി.എഫിന്റെ ഭരണത്തിലാണ്. എന്നാൽ പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയും മയ്യിൽ, മലപ്പട്ടം ഉൾപ്പെടെയുള്ള മറ്റു പഞ്ചായത്തുകളും എൽ.ഡി.എഫിന് ഭരണമുള്ള പ്രദേശമാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിലുണ്ടായ വൻ വികസനമാണ് എൽ.ഡി.എഫിന്റെ പ്രധാന പ്രചാരണായുധം. സ്ഥാനാർഥി നിർണയത്തിലെ അസ്വാരസ്യങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറക്കാനായതും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സംസ്ഥാനത്തുടനീളം തരംഗമുണ്ടാക്കിയപ്പോഴും തളിപ്പറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് ലീഡ് നിലനിർത്തിയിരുന്നു. നിർണായകമായ ഒരു ചുവടുമാറ്റത്തിന് തളിപ്പറമ്പ് മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

