പെരളശ്ശേരി നിലനിർത്താൻ എൽ.ഡി.എഫ്
text_fieldsബിനോയ് കുര്യൻ,ഷക്കീർ മൗവ്വഞ്ചേരി
പെരളശ്ശേരി: കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി കൂടിയായ സി.പി.എമ്മിലെ അഡ്വ. ബിനോയ് കുര്യനാണ് എ.കെ.ജിയുടെ നാടായ പെരളശ്ശേരി ഡിവിഷനിൽ എൽ.ഡി.എഫിനായി കളത്തിൽ. എടക്കാട് ബ്ലോക്കിലെ മക്രേരി, പെരളശ്ശേരി, മാവിലായി, കടമ്പൂർ, ആഡൂർ, കോയ്യോട്, ചെമ്പിലോട്, ഏച്ചൂർ ഉൾപ്പെടുന്നതാണ് പുതിയ പെരളശ്ശേരി ഡിവിഷൻ. ഇപ്പോഴത്തെ പെരളശ്ശേരി ഡിവിഷൻ ഉൾപ്പെട്ട ചെമ്പിലോട് ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിനായിരുന്നു വിജയം.
സി.പി.എമ്മിലെ കെ.വി.ബിജു 11000 ത്തോളം ഭൂരിപക്ഷത്തിനാണ് അന്ന് വിജയിച്ചത്. നിലവിൽ കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യൻ സി.പി.എം ജില്ല കമ്മിറ്റിയംഗമാണ്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സെക്രട്ടറി, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
കഴിഞ്ഞ തവണ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ ഷക്കീർ മൗവഞ്ചേരിയാണ് ഇക്കുറിയും മത്സരിക്കുന്നത്. കൂടുതൽ വോട്ടുകൾ നേടി പെരളശ്ശേരി ഡിവിഷൻ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രചാരണം. യൂത്ത് ലീഗ് മുൻ ജില്ല വൈസ് പ്രസിഡന്റ്, ധർമടം മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബി.ജെ.പി കണ്ണൂർ ജില്ല മുൻ സെക്രട്ടറി അഡ്വ. ജിതിൻ രഘുനാഥാണ് എൻ.ഡി.എയുടെ സ്ഥാനാർഥി. എ.ബി.വി.പി ജില്ല പ്രമുഖ്, യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ്, നെഹ്റു യുവ കേന്ദ്ര ഇന്റർവ്യൂ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

