വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
text_fieldsപള്ളിക്കുന്ന്: പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്തിെൻറ നേതൃത്വത്തിൽ പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി. ജംഷിദ് എന്ന ബുള്ളറ്റ് ജംഷിയുടെ വീട്ടിൽനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
വിപണിയിൽ അഞ്ചുലക്ഷം രൂപ മൂല്യമുള്ളതും 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ മാരക മയക്കുമരുന്നുകളാണ് പിടികൂടിയത്. തളിപ്പറമ്പ്, മാടായി, പഴയങ്ങാടി, മാട്ടൂൽ, മുട്ടം എന്നിവിടങ്ങളിലേക്ക് മൊത്തമായി മയക്കുമരുന്ന് വിൽപന നടത്തുന്നയാളാണ് ജംഷിദെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് കമീഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, സിവിൽ എക്സൈസ് ഓഫിസർ രജിരാഗ് എന്നിവരുടെ വളരെ നാളത്തെ പ്രയത്നത്തിെൻറ ഫലമായാണ് മയക്കുമരുന്ന് കണ്ടെത്താനായത്. ഇവ ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ നിന്നും എത്തിച്ച് ചെറുകിട മയക്കുമരുന്ന് വിൽപനക്കാർ വഴി ഉപയോക്താക്കളിൽ എത്തിക്കുകയാണ് ചെയ്തിരുന്നത്.
പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയും എക്സൈസ് വാഹനത്തെയും കാർ ഉപയോഗിച്ച് തട്ടി തെറിപ്പിച്ച് ജംഷിദ് കടന്നുകളഞ്ഞതിനെ തുടർന്ന് ഇയാളുടെ വീട് പരിശോധിക്കുകയായിരുന്നു. പ്രിവൻറിവ് ഓഫിസർ വി.പി. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ റിഷാദ്്, ഗണേഷ് ബാബു, ശ്യം രാജ്, വനിത സി.ഇ.ഒ ഷൈന, ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.