ഭൂമി തട്ടിപ്പ് കേസ്: ഭൂമി വാങ്ങിയയാളും ആധാരമെഴുത്തുകാരനും മുൻകൂർ ജാമ്യത്തിന്
text_fieldsകണ്ണൂർ: ഉടമ അറിയാതെ വസ്തു മറ്റൊരാൾക്ക് രജിസ്റ്റർ ചെയ്തുനൽകിയെന്ന കേസിൽ പ്രതികളായ ഭൂമി വാങ്ങിയ കണ്ണൂർ മയ്യിൽ സ്വദേശിയും തലശ്ശേരിയിലെ ആധാരം എഴുത്തുകാരനും തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി.
മയ്യിൽ ആറാം മൈലിലെ തൈവളപ്പിൽ മുഹമ്മദ് കുഞ്ഞി (73), ആധാരം എഴുത്തുകാരനായ എരഞ്ഞോളിയിലെ വിഷ്ണുമായയിൽ ഇ. പ്രദീപൻ (58) എന്നിവരാണ് അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്.
ഇരുവരുടെയും ഹരജി ഫയലിൽ സ്വീകരിച്ച കോടതി വാദത്തിനും വിധിപറയാനുമായി കേസ് സെപ്റ്റംബർ എട്ടിലേക്ക് മാറ്റി.
പട്ടാന്നൂരിലെ രയരോത്ത് പുത്തൻവീട്ടിൽ രാഘവൻ നമ്പ്യാരുടെ പരാതിയിൽ പ്രദീപനും മുഹമ്മദ് കുഞ്ഞിയും കൂടാതെ തലശ്ശേരിയിലെ റിട്ട. സബ് രജിസ്ട്രാർ വിജയൻ, അന്നത്തെ മയ്യിൽ വില്ലേജ് ഓഫിസർ എന്നിവരും പ്രതിസ്ഥാനത്തുണ്ട്.
മയ്യിൽ വില്ലേജിൽ പരാതിക്കാരെൻറ പേരിലുള്ള 1.21 ഏക്കർ സ്ഥലം ഇദ്ദേഹം അറിയാതെ മുഹമ്മദ് കുഞ്ഞിയുടെ പേരിൽ പ്രതികൾ രജിസ്റ്റർ ചെയ്തുനൽകിയെന്നാണ് കേസ്. വഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.