കരയിടിച്ചിൽ രൂക്ഷം; കുപ്പം-മംഗലശ്ശേരി റോഡ് അപകട ഭീഷണിയിൽ
text_fieldsതളിപ്പറമ്പ്: കുപ്പം പുഴ വീണ്ടും കരയെ കവർന്നു. കഴിഞ്ഞ 18ന് കരയിടിഞ്ഞ ഭാഗത്തുതന്നെയാണ് ചൊവ്വാഴ്ച പുലർച്ച വീണ്ടും കരയിടിഞ്ഞത്. ഈ ഭാഗത്തെ സ്ഥലത്തെ മതിലും തെങ്ങുകളും ഉൾപ്പെടെ പുഴയിലേക്ക് മറിഞ്ഞുവീണ നിലയിലാണുള്ളത്. ഇതോടെ, കുപ്പം മംഗലശ്ശേരി റോഡും കുപ്പം പുഴയും തമ്മിൽ ദൂരം ഒരു മീറ്ററിൽ താഴെ മാത്രമായി കുറഞ്ഞിരിക്കുകയാണ്. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡും തകർച്ച ഭീഷണിയിലാണ് ഉള്ളത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലായി. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് കരയിടിച്ചിൽ തടയാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.