കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള പാതക്ക് കുറ്റിയടിക്കാനെത്തി; പെരിങ്ങത്തൂരിലും പൂക്കോത്തും പ്രതിഷേധം
text_fieldsപെരിങ്ങത്തൂർ ഖബർസ്ഥാനിൽ അടയാളക്കുറ്റിയടിക്കാനെത്തിയവരെ മഹല്ല് നിവാസികൾ തടയുന്നു
പെരിങ്ങത്തൂർ: കുറ്റ്യാടി - മട്ടന്നൂർ വിമാനത്താവള പാതയുടെ ഭാഗമായി പെരിങ്ങത്തൂർ ഖബർസ്ഥാനിൽ കുറ്റിയടിക്കാനെത്തിയ കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരെ പെരിങ്ങത്തൂർ മഹല്ല് കമ്മിറ്റി ഭാരവാഹികളും നിവാസികളും വ്യാപാരികളും ചേർന്ന് തടഞ്ഞു. തിങ്കളാഴ്ച രാവിലെ 11 ഓടെ ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് പെരിങ്ങത്തൂരിൽ തടഞ്ഞത്.
പൊലീസുമായി പ്രതിഷേധക്കാർ വാക് തർക്കത്തെത്തുടർന്ന് കുറ്റിയടിക്കുന്നത് നിർത്തി. എങ്കിലും വ്യാഴാഴ്ച വീണ്ടും കുറ്റിയടിക്കാനെത്തുമെന്നറിയിച്ച് തൽക്കാലം കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ മടങ്ങി. രണ്ടാഴ്ച ഇക്കാര്യത്തിൽ സമയമനുവദിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസത്തിനകം തീരുമാനമറിയിക്കണമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് നെല്ലിക്ക മുസ്തഫ, കുന്നോത്ത് അസീസ്, ഹന കാസിം, എ.കെ. സുഹൈൽ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
രാവിലെ 12ഓടെ താഴെ പൂക്കോത്തെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികളുടെ സംഘവും തടഞ്ഞു. ഇതേതുടർന്ന് ടൗണിലെ വ്യാപാര സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കി വീടുകൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ അടയാള ക്കുറ്റികൾ സ്ഥാപിച്ചു. ഒഴിവാക്കിയ ഭാഗങ്ങളിൽ രണ്ടു ദിവസത്തിനകം വീണ്ടും അടയാള കുറ്റിയടിക്കാനെത്തുമെന്ന് അധികൃതർ അറിയിച്ചു.
രണ്ടിടങ്ങളിലും പ്രതിഷേധക്കാർക്ക് കീഴടങ്ങിയെങ്കിലും അടുത്ത ദിവസം തന്നെ ഇവിടങ്ങളിൽ അടയാളക്കുറ്റികൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പൂക്കോമിലും ചൊക്ലി പൊലീസിന്റെ സുരക്ഷയിലാണ് അധികൃതർ കുറ്റിയടിക്കാനെത്തിയത്. പൂക്കോമിലെ പ്രതിഷേധത്തിന് വ്യാപാരി നേതാക്കളായ എം.ആർ. വേണു , കെ.സി. അജിതൻ, എൻ.വി. പ്രേമൻ , കെ.കെ. പുരുഷോത്തമൻ, ഒ.ടി. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

