ഹിറ്റായി കുടുംബശ്രീ കേരള ചിക്കൻ
text_fieldsകണ്ണൂർ: മാംസ വിപണിയിൽ സജീവമാകാൻ ഒരുങ്ങി കുടുംബശ്രീ കേരള ചിക്കൻ. നിലവിൽ ജില്ലയിൽ പ്രവർത്തനം തുടങ്ങിയ രണ്ട് ഔട്ട്ലെറ്റുകളിൽ നിന്നുമായി ശരാശരി 8000 രൂപ വരെ ദിവസ വരുമാനം ലഭിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളിൽ നിന്നും ലഭിക്കുന്ന ഇറച്ചിയേക്കാൾ ഗുണമേന്മ കൂടുതലുള്ളതും വിലക്കുറവും കേരള ചിക്കൻ ഉത്പന്നങ്ങളുടെ സ്വീകാര്യത കൂട്ടുന്നു. കുറ്റ്യാട്ടൂർ, പാനൂർ എന്നിവിടങ്ങളിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങിയത്. തളിപ്പറമ്പ്, കണ്ണൂർ, ഇരിട്ടി, കല്യാശ്ശേരി ബ്ലോക്കുകളിൽ കൂടി അടുത്തമാസം ഔട്ട്ലെറ്റുകൾ പ്രവർത്തനം തുടങ്ങും.
കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിക്ക് ഇതുവരെയായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 10 അപേക്ഷകൾ തുടങ്ങുന്നതിനായി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടം എന്ന നിലയിൽ വരുന്ന ആറുമാസത്തിനുള്ളിൽ ഈ ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും.
തുടർന്ന് രണ്ടാം ഘട്ടമായി ജില്ലയിലെ മുഴുവൻ സി.ഡി.എസുകളിലും ഒരു കേരള ചിക്കൻ ഔട്ട്ലെറ്റ് എന്ന പദ്ധതി ലക്ഷ്യം നടപ്പാക്കും. ആറളം ഫാം മേഖലയിൽ കേരള ചിക്കൻ ഫാമും ഔട്ട് ലെറ്റും തുടങ്ങാനുള്ള നടപടികളും തുടങ്ങി. കേരള ചിക്കൻ ഫാമുകളിൽ വളർത്തുന്ന ഇറച്ചിക്കോഴികൾ കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണന ശാലകൾ വഴിയാണ് വിൽപന നടത്തുന്നത്. കിലോക്ക് 17 രൂപ ഔട്ട്ലെറ്റ് ഉടമക്ക് ലഭിക്കും. മാർക്കറ്റ് വിലയേക്കാളും 10 ശതമാനം കുറഞ്ഞ വിലയിലാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ വഴി വിൽപന നടത്തുന്നത്. 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മാസ വരുമാനം ഔട്ട്ലെറ്റുകൾ വഴി കുടുംബശ്രീ അംഗങ്ങൾക്ക് കേരള ചിക്കൻ പദ്ധതി വഴി ലഭിക്കുന്നുണ്ട്. സംരംഭം തുടങ്ങാനായി കുടുംബശ്രീ വഴി ഒന്നര ലക്ഷം രൂപ വരെ ലോൺ ലഭിക്കും. ഫോൺ: 8075089030.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

