റെക്കോഡ് വിൽപനയുമായി കുടുംബശ്രീ ഓണസദ്യ
text_fieldsകണ്ണൂർ: ഓണസദ്യ ഒരുക്കി ഇത്തവണ കുടുംബശ്രീ പ്രവർത്തകർ നേടിയത് റെക്കോഡ് വരുമാനം. കുടുംബശ്രീ ജില്ല മിഷനും കുടുംബശ്രീ കാറ്ററിങ് യൂനിറ്റ് സംരംഭകരും ചേർന്നാണ് ഇത്തവണ ഓണസദ്യ ഒരുക്കിയത്. 34 കുടുംബശ്രീ ഭക്ഷ്യ യൂനിറ്റുകളിൽനിന്നായി ലഭിച്ച 15,520 സദ്യയുടെ ഓർഡറുകളിൽ നിന്നുമായി 20.54 ലക്ഷം രൂപയുടെ വരുമാനമാണ് യൂനിറ്റുകൾ നേടിയത്.
കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയിലധികമാണ് വരുമാനം. 25 വിഭവങ്ങളുമായി എത്തുന്ന 349 രൂപയുടെ പ്രീമിയം ഓണസദ്യയും 199 രൂപയുടെ ഓണസദ്യയും 149 രൂപയുടെ മിനി ഓണസദ്യയുമാണ് യൂനിറ്റുകൾ നൽകിയത്. തളിപ്പറമ്പ്, ഇരിക്കൂർ, പയ്യന്നൂർ, കണ്ണൂർ, പേരാവൂർ, കൂത്തുപറമ്പ്, എടക്കാട്, ഇരിട്ടി, പാനൂർ, തലശ്ശേരി, കല്യാശ്ശേരി എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കാൾ സെന്ററുകൾ വഴിയാണ് ഓർഡറുകൾ സ്വീകരിച്ച് ഡെലിവറി ചെയ്തത്.
25 വിഭവങ്ങളുമായി എത്തിയ പ്രീമിയം ഓണസദ്യക്കാണ് കൂടുതൽ ഓർഡറുകൾ ലഭിച്ചത്. കുടുംബശ്രീ ഓണസദ്യ വലിയ വിജയമായതോടെ അടുത്ത വർഷം സി.ഡി.എസുകൾ കേന്ദ്രീകരിച്ചു കൊണ്ട് ജില്ല മുഴുവനായും സദ്യ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ ഭക്ഷ്യ യൂനിറ്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

