കെ-ടിക് പദ്ധതിയുമായി കുടുംബശ്രീ
text_fieldsകണ്ണൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുത്തൻ സംരംഭകരെ വാർത്തെടുക്കാൻ നൂതന പദ്ധതിയുമായി കുടുംബശ്രീ മിഷൻ. പട്ടികവർഗക്കാരായ യുവതീയുവാക്കൾക്ക് ഉപജീവന വികസനം സാധ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ (കെ-ടിക്) പദ്ധതിയിലൂടെ സമൂഹത്തിൽ പുതുമുന്നേറ്റം ലക്ഷ്യമിടുകയാണ് കുടുംബശ്രീ. പട്ടികവർഗ വിഭാഗക്കാരായ 50 പേർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംരംഭകരാകും. 800 പേർ ഇത്തരത്തിൽ സംസ്ഥാനമൊട്ടാകെയായി സംരംഭകരാകും.
പട്ടികവർഗ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ വിജയകരമായി മുന്നേറുകയാണ്. ജില്ലയിൽ 50 പേർ ഇതുവരെ സംരംഭകരാകാൻ മുന്നോട്ടുവന്നിട്ടുണ്ട്. സ്വയം സംരംഭം തുടങ്ങാൻ സഹായകമായ പരിശീലനം പദ്ധതിയുടെ ഭാഗമായി തുടങ്ങും. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും കുടുംബശ്രീ ഉറപ്പാക്കും. പരിശീലനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 19, 20, 21 തീയതികളിൽ കണ്ണൂർ കെയ്റോസിൽ നടക്കും.
രണ്ടാംഘട്ടം മാർച്ച് രണ്ടാംവാരം ജില്ലയിൽ നടക്കും. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ് മാസത്തിൽ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ കരകൗശല വസ്തുക്കൾ, എംബ്രോയ്ഡറി, ഗിഫ്റ്റ് ഐറ്റങ്ങൾ, വനവിഭവങ്ങളുടെ വിപണനം, ഭക്ഷ്യസംരംഭങ്ങൾ, കാർഷിക സംബന്ധമായ പദ്ധതികൾ, മാലിന്യ നിർമാർജനം എന്നിവയാണ് ജില്ലയിൽനിന്നും ഉയർന്നുവന്ന സംരംഭ ആശയങ്ങൾ. സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് ലോണും ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

