എ.എൻ. ഷംസീറിെൻറ ഭാര്യയെ നിയമിക്കാൻ നീക്കമെന്ന് വൈസ് ചാൻസലറുടെ വീട് കെ.എസ്.യു ഉപരോധിച്ചു
text_fieldsകണ്ണൂർ സർവകലാശാലയിൽ എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് വഴിവിട്ട് നിയമനം നൽകാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വൈസ് ചാൻസലറുടെ വസതി കെ.എസ്.യു ഉപരോധിച്ചപ്പോൾ
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ യു.ജി.സി എച്ച്.ആർ.ഡി സെൻററിൽ അസി. ഡയറക്ടറായി എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക് നിയമനം നൽകാൻ നീക്കം നടക്കുന്നെന്നാരോപിച്ച് കെ.എസ്.യു വൈസ് ചാൻസലറുടെ വീട് ഉപരോധിച്ചു. ചട്ടം ലംഘിച്ച് ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് വഴിവിട്ട നിയമനത്തിന് സർവകലാശാല അധികൃതരുടെ ശ്രമമെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.
കെ.എസ്.യു ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉപരോധം ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ ധിറുതിയിൽ നിയമനം നടത്താനുള്ള നീക്കം ദുരൂഹമാണെന്നും ബന്ധു നിയമനത്തിന് വേണ്ടി സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തുകയാണെന്നും വഴിവിട്ട നിയമനത്തിന് വൈസ് ചാൻസലർ കൂട്ടുനിൽകുകയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
സർവകലാശാലയിൽ എത്താതെ വീട്ടിലിരുന്ന് ഇൻറർവ്യൂ നടത്താനുള്ള വൈസ് ചാൻസലറുടെ നടപടി ഒളിച്ചുകളിയാണെന്ന് ആരോപിച്ച കെ.എസ്.യു രാവിലെ 11 മണിയോടെയാണ് വി.സി പ്രഫ. ഗോപിനാഥ് രവീന്ദ്രെൻറ ബർണശ്ശേരിയിലെ വീട് ഉപരോധിച്ചത്. പ്രതിഷേധത്തിനിടയിൽ വീട്ടിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സി.ടി. അഭിജിത്ത്, ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപ്പള്ളിൽ, ആദർശ് മാങ്ങാട്ടിടം, ആകാശ് ഭാസ്കർ, ഹരികൃഷ്ണൻ പാളാട്, ഉജ്വൽ പവിത്രൻ, ടി. സായന്ത്, എം.സി. അതുൽ, അക്ഷയ് കോവിലകം, സുഫൈൽ സുബൈർ, ചാൾസ് സണ്ണി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

