ഓണത്തിന് നാടണയാം; കൂടുതൽ സർവിസുമായി കെ.എസ്.ആർ.ടി.സി
text_fieldsകണ്ണൂർ: ഓണാവധിക്ക് കർണാടകയിൽനിന്ന് കൂടുതൽ സർവിസുമായി കെ.എസ്.ആർ.ടി.സി. ബംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരെ ലക്ഷ്യമിട്ടാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും മൂന്ന് ബസുകൾ അധികം സർവിസ് നടത്താനാണ് തീരുമാനം.
യാത്രക്കാർ കൂടുകയാണെങ്കിൽ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിയേക്കും. നിലവിൽ നാല് ബസുകളാണ് കണ്ണൂർ -ബംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്നത്. രാത്രിയിൽ മൂന്നും പകൽ ഒരു ബസുമാണ് ഇപ്പോൾ ഓടുന്നത്. ഇതിനുപുറമെയാണ് മൂന്ന് ബസുകൾ കൂടി ഓണക്കാലത്ത് നിരത്തിലിറങ്ങുക. ഇതോടെ ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ഓണാവധിക്ക് ഏഴ് ബസുകളുടെ സർവിസ് യാത്രക്കാർക്ക് ലഭിക്കും. ഓൺലൈനിലൂടെയടക്കം ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
കൂടുതൽ സർവിസ് നടത്തുന്നതിലൂടെ അധികലാഭവും കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നു. ഓണം, ക്രിസ്മസ് അവധി ദിനങ്ങളിലാണ് ബംഗളൂരുവിൽ നിന്നുള്ള കൂടുതൽ മലയാളികൾ നാട്ടിലെത്തുന്നത്. ഈ കാലയളവിലാണ് കൂടുതൽ സർവിസിലൂടെ കെ.എസ്.ആർ.ടി.സി അധിക വരുമാനം നേടുന്നതും. കേരളത്തിനുപുറമെ കർണാടക ആർ.ടി.സിയും കൂടുതൽ സർവിസുകൾ ഓണക്കാലത്ത് നിരത്തിലിറക്കുന്നുണ്ട്.
മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കർണാടക ആർ.ടി.സി സർവിസ് നടത്തുക. അടുത്ത മാസം 11 വരെ സർവിസ് ഉണ്ടാവുമെന്ന് മംഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 20 ബസുകൾ പ്രത്യേക സർവിസിന് അനുവദിച്ചു. ആവശ്യം വന്നാൽ കൂടുതൽ ബസുകൾ ഇറക്കുമെന്ന് അധികൃതർ അറിയിച്ചു.
പുതുച്ചേരിയിലേക്കും സർവിസ്
കണ്ണൂരിൽനിന്ന് പുതുച്ചേരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസ് സെപ്റ്റംബർ മൂന്നുമുതൽ ഓടിത്തുടങ്ങും. മൂന്നിന് കണ്ണൂർ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവിസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
എ.സി സ്ലീപ്പർ സ്വിഫ്റ്റ് ബസാണ് സർവിസ് നടത്തുക. കണ്ണൂരിൽനിന്ന് വൈകീട്ട് അഞ്ചുമണിക്ക് പുറപ്പെടുന്ന ബസ് അടുത്ത ദിവസം പുലർച്ച 6.30ന് പുതുച്ചേരിയിലെത്തും. വൈകീട്ട് ആറിന് അവിടെനിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ ഏഴോടെ കണ്ണൂരിലെത്തും.