മലയോര ജനതക്ക് യാത്രാസൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി
text_fieldsമട്ടന്നൂരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ഫ്ലാഗ് ഓഫ് കെ.കെ. ശൈലജ എം.എൽ.എ നിർവഹിക്കുന്നു
മട്ടന്നൂർ: മലയോര ജനതക്ക് യാത്രാസൗകര്യമൊരുക്കി വീണ്ടും കെ.എസ്.ആർ.ടി.സി. രാത്രി വൈകി എത്തുന്ന ട്രെയിൻ യാത്രികർക്കും രാവിലെ കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലും ജോലിസ്ഥലങ്ങളിലും എത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുംവേണ്ടിയാണ് കീഴ്പ്പള്ളി, ആറളം ഫാം എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ റൂട്ട് ആരംഭിച്ചത്.
മട്ടന്നൂരിൽ ബസിന്റെ ഫ്ലാഗ് ഓഫ് കെ.കെ. ശൈലജ എം.എൽ.എ നിർവഹിച്ചു. മലയോര മേഖലയായ കീഴ്പ്പള്ളി, ഇരിട്ടി പ്രദേശങ്ങളിലേക്കും തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിലെയും ജനങ്ങൾക്ക് എത്തിപ്പെടാൻ രാത്രികാലങ്ങളിൽ ബസ് സർവിസ് ഇല്ലാത്തതിനാൽ കെ.കെ. ശൈലജക്ക് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ശൈലജ നടത്തിയ ഇടപെടലിനെ തുടർന്നാണ് പുതിയ സർവിസ് അനുവദിക്കാൻ തീരുമാനമായത്.
രാത്രിയിൽ കണ്ണൂരിലെത്തുന്ന വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ യാത്രികർക്കും മറ്റു യാത്രികർക്കും ഈ സർവിസ് ഏറെ ആശ്വാസമാകും. കൂടാതെ കീഴ്പ്പള്ളി, ആറളം ഫാം, മണത്തണ, പേരാവൂർ, നെടുമ്പൊയിൽ, കണ്ണവം തുടങ്ങിയ മലയോര മേഖലകളിൽനിന്നും തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു പോകേണ്ടുന്ന രോഗികൾക്കും ഈ സ്ഥലങ്ങളിൽ ജോലിക്ക് പോകേണ്ടുന്നവർക്കും ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
ബസിന്റെ ഫ്ലാഗ് ഓഫ് മട്ടന്നൂർ ബസ് സ്റ്റാൻഡിൽ കെ.കെ. ശൈലജ നിർവഹിച്ചു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുഗതൻ, പി. പുരുഷോത്തമൻ, എം. രതീഷ്, ടി. കൃഷ്ണൻ, മുസ്തഫ ദാവാരി തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് എല്ലാവരും ആദ്യ യാത്രയിൽ പങ്കാളികളായി. രാത്രി കണ്ണൂരിൽ വന്ദേഭാരത് എത്തുന്നതിനനുസരിച്ച് 11.20ന് കണ്ണൂരിൽനിന്ന് ആരംഭിച്ച് 12ന് തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, 1.45ഓടെ കീഴ്പ്പള്ളിയിൽ എത്തുന്ന രീതിയിലും പുലർച്ചെ 5.20ന് കീഴ്പ്പള്ളിയിൽനിന്ന് ആരംഭിച്ച് ആറളം ഫാം, മണത്തണ, പേരാവൂർ, നെടുംപൊയിൽ, കണ്ണവം, കൂത്തുപറമ്പ്, തലശ്ശേരി വഴി എട്ടോടെ കണ്ണൂരിലെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

