ചുരം പാതയിലൂടെ കിതച്ച് കെ.എസ്.ആർ.ടി.സി ബസുകൾ; ആശങ്കയോടെ ഓരോ യാത്രയും
text_fieldsകെ.എസ്.ആർ.ടി.സി ബസ്
കൊട്ടിയൂർ: കടുത്ത മലകയറ്റവും കൊടുംവളവുകളുമുള്ള കൊട്ടിയൂർ-വയനാട് ചുരം (പാൽചുരം) റോഡിൽ കെ.എസ്.ആർ.ടി.സി.യുടെ പഴകിയ ബസുകൾ വ്യാപകമായി സർവീസ് നടത്തുന്നതിൽ ആശങ്ക. വടക്കൻ ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി ബസുകളാണ് ദിനംപ്രതി നൂറു കണക്കിന് യാത്രക്കാരുമായി ഈ അപകടകരമായ ചുരം പാതയിലൂടെ കടന്നുപോകുന്നത്.
കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, നിലമ്പൂർ, പയ്യന്നൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ ഡിപ്പോകളിൽ നിന്നുള്ള ബസുകളാണ് ഈ റൂട്ടിൽ പ്രധാനമായും സർവിസ് നടത്തുന്നത്. കേടുപാടുകൾ സംഭവിച്ച് നിരന്തരം സർവിസുകൾ റദ്ദാക്കുന്നത് പതിവായതോടെ തൊട്ടുപിന്നാലെയെത്തുന്ന ബസുകളിൽ കുത്തിനിറച്ചാണ് ആളുകൾ യാത്ര ചെയ്യുന്നത്.
കയറ്റം കയറാനാകാതെ ബസുകൾ വഴിയാധാരമാകുന്നതും യാത്രക്കാരെ വഴിയിൽ ഇറക്കി കയറ്റം കയറ്റുന്നതും ഇവിടെ നിത്യസംഭവമായി മാറി. തിങ്കളാഴ്ചയും പാൽചുരം പാതയിലെ രണ്ടിടങ്ങളിൽ പഴഞ്ചൻ ബസുകൾ കേടായിക്കിടന്നതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പാതയിലെ ഇത്തരം ഗതാഗതക്കുരുക്കുകൾ വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്.
കെ.എസ്.ആർ.ടി.സിക്ക് മികച്ച ലാഭം ലഭിക്കുന്ന അപൂർവം റൂട്ടുകളിലൊന്നായിട്ടും പുതിയ ബസുകൾ അനുവദിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പാതയിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ കാട്ടുന്ന മൗനം വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പുതിയ ബസുകൾ അനുവദിക്കണമെന്ന് കേളകം കെ.എസ്.ആർ.ടി.സി. സംരക്ഷണ സമിതിയും പാസഞ്ചേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

