കൊട്ടിയൂരിൽ മൂന്ന് വർഷം ഇരുട്ടിൽ കഴിഞ്ഞവർക്ക് വെളിച്ചമാകാൻ പഞ്ചായത്ത്
text_fieldsകൊട്ടിയൂർ: വൈദ്യുതി വിച്ഛേദിക്കപ്പെട്ട് മൂന്നു വർഷമായി ഇരുട്ടിൽ കഴിയുന്ന കൊട്ടിയൂർ പഞ്ചായത്തിലെ അറുപതോളം പട്ടികവർഗ കുടുംബങ്ങൾക്ക് വെളിച്ചമെത്തിക്കാൻ അടിയന്തര നടപടികളുമായി ഗ്രാമപഞ്ചായത്ത്. പട്ടികവർഗ ക്ഷേമ വകുപ്പ് കുടിശ്ശിക തുക പൂർണമായി അടച്ചുതീർത്തെങ്കിലും, ചട്ടപ്രകാരം കെ.എസ്.ഇ.ബി കണക്ഷൻ പുനഃസ്ഥാപിക്കാൻ പുതിയ വയറിങ് നടത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ഇടപെടൽ.
എരട്ടത്തോട്, അമ്പായത്തോട്, ചുങ്കക്കുന്ന്, കല്ലംതോട്, വെറ്റിലക്കൊല്ലി, മന്ദംചേരി, നെല്ലിയോടി, താഴെ പാൽചുരം, മേലെ പാൽചുരം, വെള്ളൂന്നി, വെങ്ങലൊടി ഉന്നതികളിലെ വീടുകളിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് മുമ്പ് നടത്തിയ വയറിങ് കാരണം വലിയ തോതിൽ വൈദ്യുതി ചോർച്ചയുണ്ടാവുകയും ബിൽ തുക കുത്തനെ ഉയരുകയുമായിരുന്നു. 800 രൂപ മുതൽ 28,912 രൂപ വരെ കുടിശ്ശിക വന്നതോടെയാണ് മൂന്ന് വർഷം മുൻപ് കെ.എസ്.ഇ.ബി കണക്ഷനുകൾ വിച്ഛേദിച്ചത്.
വൈദ്യുതി നിലച്ചതോടെ വന്യജീവി ശല്യവും ഇഴജന്തുക്കളുടെ ഭീഷണിയുമുള്ള മലയോര മേഖലയിൽ ഭയത്തോടെയാണ് കുടുംബങ്ങൾ കഴിയുന്നത്. കുട്ടികളുടെ പഠനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട പ്രദേശമായിരുന്നിട്ടും പരിഹാരം വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു.പ്രശ്നം മുമ്പ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിഷയം പൊതുശ്രദ്ധയിൽ വന്നതോടെയാണ് നടപടികൾക്ക് വേഗം കൂടിയത്.
പഞ്ചായത്തിന്റെ നീക്കം
വീടുകളുടെ വയറിങ് പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് സർവേ നടത്തുകയും ആറു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിലവിൽ പഞ്ചായത്ത് ഫണ്ടിൽ തുക ലഭ്യമല്ലാത്തതിനാൽ, ട്രൈബൽ വകുപ്പ് മുഖേന ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി തുക കണ്ടെത്താൻ ശ്രമം ആരംഭിച്ചു. ട്രൈബൽ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ എത്രയും വേഗം ഫണ്ട് ലഭ്യമാക്കി, വയറിങ് പ്രവൃത്തികൾ പൂർത്തിയാക്കി കണക്ഷൻ പുനഃസ്ഥാപിക്കുമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

