കൊട്ടിയൂരിൽ ഇളനീർവെപ്പ് ഇന്ന്; നാളെ ഇളനീരാട്ടം
text_fieldsകൊട്ടിയൂർ: ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങായ ഇളനീർവെപ്പ് വെള്ളിയാഴ്ച നടക്കും. എരുവട്ടി, കുറ്റ്യാടി, ആയിരത്തി, മുടിശ്ശേരി, മേക്കിലേരി, കുറ്റിയൻ, തെയ്യൻ എന്നീ ജന്മാവകാശികളായ തണ്ടയാന്മാർ പ്രക്കൂഴം മുതൽ വ്രതം ആരംഭിച്ചാണ് ഇളനീർവെപ്പിന് എത്തുക.
എന്നാൽ, കോവിഡിെൻറ സാഹചര്യത്തിൽ ഇതിൽ അഞ്ച് തണ്ടയാന്മാർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക. ആകെ 30തോളം പേർ മാത്രമായിരിക്കും ഇത്തവണ ഇളനീർവെപ്പിനായി അക്കരെ സന്നിധിയിൽ എത്തുക.
സാധാരണ വർഷങ്ങളിൽ ആയിരക്കണക്കിന് ഭക്തരാണ് ഈ സവിശേഷ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നത്.ഇളനീരാട്ടത്തിനുള്ള എണ്ണയും ഇളനീരുമായി സംഘം എരുവട്ടിക്കാവ് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കൊട്ടിയൂരിലെത്തും.
വീരഭദ്ര വേഷധാരിയുടെ നേതൃത്വത്തിലാണ് എണ്ണയും ഇളനീരുകളും കൊട്ടിയൂരിലെത്തിക്കുന്നത്. വെള്ളിയാഴ്ച രാത്രി പന്തീരടി പൂജ കഴിഞ്ഞാണ് ഇളനീർവെപ്പ് നടത്തുക. നാളെയാണ് ഇളനീരാട്ടം. കോവിഡിെൻറ സാഹചര്യത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്.
