തീർഥാടകരെ വരവേൽക്കാനൊരുങ്ങി കൊട്ടിയൂർ
text_fieldsഅക്കരെ കൊട്ടിയൂരിൽ കൈയാലകളുടെ നിർമാണപ്രവൃത്തി അവസാന ഘട്ടത്തിൽ
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് നാളുകൾ മാത്രം ബാക്കിനിൽക്കെ അക്കരെ ക്ഷേത്രത്തിലെ ൈകയാലകളുടെയും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം അന്തിമഘട്ടത്തിൽ. 16ന് നീരെഴുന്നള്ളത്തോടെ ഉത്സവത്തിന് തുടക്കമാവും. മുൻ വർഷങ്ങളെ അപേക്ഷിച്ചു വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ദേവസ്വം ഒരുക്കിയിട്ടുള്ളത്.
അക്കരെ കൊട്ടിയൂരിൽ 55ലധികം വരുന്ന കൈയാലകളുടെയും വഴിപാട് കൗണ്ടറുകളുടെയും ഓല മേയൽ 90ശതമാനം പൂർത്തിയായി. മഹോത്സവ കാലത്ത് ഭക്തജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി കിണറും ടാങ്ക് നിർമാണവും പൂർത്തിയായി. 1000 ത്തിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ നടുക്കുനിയിൽ പാർക്കിങ് കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
പാർക്കിങ് കേന്ദ്രത്തിലേക്ക് കടക്കാൻ ഇടബാവലിയിലും ബാവലിപ്പുഴയിലുമായി 10 ലക്ഷം രൂപ മുടക്കി താൽക്കാലിക തടയണ നിർമാണവും ആരംഭിച്ചു. വൈശാഖ മഹോത്സവനഗരിയിൽ ഹരിതചട്ടവും മാലിന്യസംസ്കരണ നിബന്ധനകളും കർശനമായി നടപ്പാക്കും. ഉത്സവത്തിനിടെയുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചു വൃത്തിയാക്കി സൂക്ഷിക്കാൻ എട്ട് ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന എം.എസി.എഫ് നിർമാണവും അന്തിമഘട്ടത്തിലാണ്.
60 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിലുള്ള ടോയ്ലറ്റ് കോംപ്ലക്സ് നിർമാണം പൂർത്തിയായി.15 ലക്ഷം രൂപ ചെലവിൽ പായസപ്പുര, 15 ലക്ഷം രൂപ ചെലവിൽ തിരുവപ്പം നിർമാണഷെഡ്, നാല് ഏരിയകളിലായി 10 ലക്ഷം രൂപ ചെലവിൽ പാർക്കിങ് യാർഡ്, അഞ്ച് ലക്ഷം രൂപ ചെലവിൽ അന്നദാനഹാൾ വിപുലീകരണം, ഭക്തജനങ്ങൾക്കുള്ള ക്യു സിസ്റ്റം വിപുലീകരിക്കുന്നതിനായി നാല് ലക്ഷം രൂപ എന്നിങ്ങനെയാണ് ഈ വർഷം ദേവസ്വം ഒരുക്കിയത്.
ഒന്നരകോടി രൂപയുടെ നിർമാണ വിപുലീകരണമാണ് ഈ വർഷം നടത്തിയത്. തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഈ വർഷത്തിൽ ദേവസ്വം ശ്രമിച്ചിട്ടുണ്ടന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. ഗോകുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

