കൊട്ടിയൂർ വൈശാഖ മഹോത്സവം; അക്കരെ കൊട്ടിയൂരിലെ ശ്രീകോവിൽ നിർമാണം തുടങ്ങി
text_fieldsഅക്കരെ കൊട്ടിയൂർ മണിത്തറയ്ക്ക് മുകളിൽ കെട്ടിയുണ്ടാക്കുന്ന താൽക്കാലിക ശ്രീകോവിലിന്റെ
നിർമാണം പുരോഗമിക്കുന്നു
കൊട്ടിയൂർ: അക്കരെ കൊട്ടിയൂർ മണിത്തറക്ക് മുകളിൽ കെട്ടിയുണ്ടാക്കുന്ന താല്കാലിക ശ്രീകോവിലിന്റെ നിർമാണം തുടങ്ങി. വയനാടൻ കാടുകളിൽ ലഭ്യമാകുന്ന ഞെട്ടിപ്പനയോല കെട്ടിയാണ് അക്കരെ കൊട്ടിയൂരിൽ ശ്രീകോവിൽ നിർമിക്കുന്നത്. ഓടത്തണ്ടുകളും വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമാണം. തിരുവോണം ആരാധനക്ക് മുമ്പ് ശ്രീകോവിൽ നിർമാണം പൂർത്തിയാകും.
കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന വ്യാഴാഴ്ച നടക്കും. കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജക്ക് ശേഷമാണ് ആരാധനപൂജ നടക്കുക. തുടർന്ന് നിവേദ്യപൂജ കഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ‘ശീവേലിക്ക് വിളിക്കുന്നതോടെ’ എഴുന്നള്ളത്തിന് തുടക്കമാവും.
തിരുവോണം ആരാധന മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. കരിമ്പന ഗോപുരത്തിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച ഭണ്ഡാരങ്ങൾ ശീവേലിക്ക് അകമ്പടിയായി ഉണ്ടാകും. വെള്ളിയാഴ്ച ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് നടക്കും. ശനിയാഴ്ച ഉത്സവനാളിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും രാത്രിയിൽ ഇളനീരാട്ടവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

