ഇന്ന് ആവേശക്കൊട്ട്; കനത്തസുരക്ഷയിൽ ജില്ല
text_fieldsപ്രതീകാത്മക ചിത്രം
കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ഒരുമാസം നീണ്ട പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്ച കലാശക്കൊട്ട്. തെരഞ്ഞെടുപ്പ് കൺവെൻഷൻ, കുടുംബയോഗം, ജനസമ്പർക്ക പരിപാടികൾ എന്നിവ പൂർത്തിയാക്കി മുന്നണികൾ ചൊവ്വാഴ്ച കലാശക്കൊട്ടിലേക്ക് കടക്കും. ഏതുവിധേനയും വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണു സ്ഥാനാർഥികൾ. വീടുകളിലെത്തി വോട്ട് അഭ്യർഥിക്കുന്ന ഗൃഹസന്ദർശനം പരിപാടി പലസ്ഥാനാർഥികളും മൂന്നുറൗണ്ട് വരെ പൂർത്തിയാക്കി. നേരിട്ടുള്ള വോട്ട്ചോദിക്കൽ പലവട്ടം കഴിഞ്ഞതിനാൽ സമൂഹമാധ്യമങ്ങളിലൂടെ ജനമനസ്സിൽ ഇടംപിടിക്കാനുള്ള ശ്രമവും നടക്കുന്നു.
സ്ഥാനാർഥിക്കു വോട്ട് അഭ്യർഥിച്ചുകൊണ്ടു മന്ത്രിമാരും സംസ്ഥാന- ജില്ല നേതാക്കളും തയാറാക്കി നൽകിയ വിഡിയോകളും സമൂഹമാധ്യമങ്ങൾ വഴി സ്ഥാനാർഥികൾ പ്രചരിപ്പിക്കുന്നുണ്ട്. എൽ.ഡി.എഫിന്റെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസമായി ജില്ലയിൽ സജീവമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം സംസ്ഥാന-ജില്ല നേതാക്കളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിന് മുന്നിലുണ്ട്. യു.ഡി.എഫ് ക്യാമ്പിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ദിവസങ്ങളോളം ജില്ലയിൽ പ്രചാരണത്തിനെത്തി. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചൊവ്വാഴ്ച വിവിധ കുടുംബ സംഗമങ്ങളിലെത്തി കുടുംബവോട്ടുറപ്പിച്ചു.
അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഞായറാഴ്ച ജില്ലയിൽ സജീവമായി പ്രചാരണത്തിനുണ്ടായി. ഷാഫി പറമ്പിൽ എം.പിയും ഞായറാഴ്ച മുപ്പതോളം കുടുംബ യോഗങ്ങളിൽ പങ്കെടുത്തത് പ്രവർത്തകരിൽ ആവേശമായി. ജില്ലയിൽ 71 ഗ്രാമപഞ്ചായത്തുകളിലേക്കും 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും എട്ട് നഗരസഭകളിലേക്കും കോർപറേഷനിലേക്കുമാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. കാലാവധി പൂർത്തിയാകാത്തതിനാൽ മട്ടന്നൂർ നഗരസഭയിൽ ഇപ്പോൾ തെരഞ്ഞെടുപ്പില്ല. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കലാശക്കൊട്ടിന് തിരശ്ശീല വീഴുന്നതോടെ ബുധനാഴ്ച നിശ്ശബ്ദ പ്രചാരണത്തിലേക്ക് കടക്കും.
സ്ഥാനാർഥികളായി എ.ഐ
ജെൻസികൾകൂടി ഉൾപ്പെടുന്ന തെരഞ്ഞെടുപ്പായതിനാൽ ഇത്തവണ പ്രചാരണവും ന്യൂജൻ സ്റ്റൈലിലാണ്. ഡിജിറ്റൽ പോസ്റ്ററുകളിലും ഇൻസ്റ്റഗ്രാം റീൽസിലും പ്രത്യക്ഷപ്പെട്ട മുദ്രാവാക്യങ്ങളിൽ വൈബ്, പൂക്കി, സ്കിബിഡി തുടങ്ങി ജെൻസി ഭാഷകൾ കയറിക്കൂടി. ഇതോടൊപ്പം എ.ഐ നിർമിത പോസ്റ്ററുകളും വിഡിയോകളും ശ്രദ്ധേയമായി. ചായക്കടകൾ, ഗ്രാമീണ കാഴ്ചകൾ, നാട്ടിൻപുറത്തെ കൂട്ടായ്മകൾ എന്നിവ പശ്ചാത്തലമാക്കിയുള്ള 30 സെക്കൻഡ് മുതൽ ഒരുമിനിറ്റ് വരെ നീളുന്ന വിഡിയോകൾ സ്ഥാനാർഥികൾ പ്രചരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

