കൊത്തിച്ചാടിയും കൈപ്പാട് അരിയുടെ കഞ്ഞി കുടിച്ചും കൈപ്പാട് ഫെസ്‌റ്റ്
text_fieldsഅകത്തെകൈ കൈപ്പാടിൽ എം. വിജിൻ എം.എൽ.എ, ഏഴോം പഞ്ചായത്ത് മുൻ പ്രസിഡൻറ് പി. ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൊത്തിച്ചാടൽ
പഴയങ്ങാടി: കാർഷിക മേഖലയിലെ നവീന ആശയങ്ങൾ, അതിനൂതന കാർഷിക സംരംഭങ്ങളുടെ അധ്യാപനം, പഠനം, പ്രചാരണം എന്നിവ ലക്ഷ്യമിട്ട് മലബാർ കൈപ്പാട് ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി, മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഏഴോം പഞ്ചായത്തിലെ അകത്തെകൈ കൈപ്പാടിൽ നടക്കുന്ന കൈപ്പാട് ഫെസ്റ്റ് ജനകീയ പങ്കാളിത്തത്തോടെ ശ്രദ്ധേയം.
ഞായറാഴ്ച തുടക്കമിട്ട മൂന്ന് നാൾ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ രണ്ടാംദിനമായ തിങ്കളാഴ്ച എം. വിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എം.വിജിൻ എം.എൽ.എ, ഏഴോം പഞ്ചായത്ത് മുൻ പ്രസിഡൻറും മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാനുമായ പി. ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മാസം കൃഷിയിറക്കിയ കൈപ്പാടുകളിലെ രണ്ടാംഘട്ട പ്രവൃത്തിയാണ് കൊത്തിച്ചാടൽ എന്നറിയപ്പെടുന്ന മണ്ണിളക്കൽ. അകത്തെകൈ കൈപ്പാടിൽ നിന്ന് കൈപ്പാട് കൃഷിയുടെ ആദ്യഘട്ടമായ പൊറ്റകൂട്ടലും നിരവധി വിദ്യാർഥികൾ പരിശീലിച്ചു.
ഏഴോം ഗ്രാമം നെഞ്ചേറ്റിയ ഫെസ്റ്റിലെത്തുന്നവർക്ക് കൈപ്പാട് അരിയുടെ കഞ്ഞിയും ചമ്മന്തിയും ചക്കക്കറിയും അച്ചാറും ഇലക്കറികളുമൊക്കെ സംഘാടകർ ഒരുക്കിയിരുന്നു. കാർഷികവൃത്തി പഠനത്തിനെത്തിയവരിൽ ഭൂരിഭാഗവും വിദ്യാർഥിനികളായിരുന്നു. ചുക്കു കാപ്പിയും പലഹാരങ്ങളുമായിരുന്നു പ്രാതൽ. രാവിലെ 10 മുതൽ വൈകീട്ട് നാല് മണി വരെയാണ് ഫെസ്റ്റ്. ചൊവ്വാഴ്ച ഫെസ്റ്റ് സമാപിക്കും.
52 ത്രിതല പഞ്ചായത്തുകളിൽ നിന്നുള്ള കർഷകർ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ഉൽഘാടന സമ്മേളനത്തിൽ ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.എൻ. ഗീത അധ്യക്ഷത വഹിച്ചു. ബിനോയ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ടി. വനജ പദ്ധതി വിശദീകരിച്ചു. ബബിതകുമാരി, കെ.പി. മോഹനൻ, ലേഖ, കെ. ഷൈനി, എം.പി. മുഹമ്മദ് കുഞ്ഞി, സതീഷ്‌കുമാർ, ബുഷ്‌റ എന്നിവർ സംസാരിച്ചു.പി. ഗോവിന്ദൻ സ്വാഗതവും കണ്ണൂർ കൈപ്പാട് റീജനൽ സൊസൈറ്റി സെക്രട്ടറി ഒ.വി. വിജയൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

