യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: പൂക്കോടിനടുത്ത തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാലൂർ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് സി.ഐ ശ്രീഹരിയും സംഘവും വധശ്രമത്തിന് അറസ്റ്റ് ചെയ്തത്. കളരിമുക്ക് മയിച്ചാൽ റോഡിലെ നടുക്കണ്ടി വീട്ടിൽ എൻ.കെ. ഷിമിയാണ് ആക്രമണത്തിനിരയായത്.
ശനിയാഴ്ച ഉച്ചക്ക് ഷിമിയുടെ വീട്ടിലെത്തിയ നൗഫൽ ബ്ലേഡ് കൊണ്ട് യുവതിയുടെ ഇരു കൈത്തണ്ടയിലും മുറിവേൽപ്പിച്ചു കടന്നു കളയുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഞായറാഴ്ച ഉച്ചയോടെ മാലൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.