ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽനിന്ന് രണ്ടു വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്
text_fieldsകൂത്തുപറമ്പ്: ചീറിപ്പാഞ്ഞുവരുന്ന വാഹനത്തിന് മുന്നിൽനിന്ന് രണ്ടു വയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. കൂത്തുപറമ്പിനടുത്ത പൂക്കോട് ഏഴാംമൈൽ ശ്രീകൃഷ്ണ നഗർ സ്വദേശി ഇ. സന്ദീപാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് പൂക്കോട്ടെ സൂപ്പർ മാർക്കറ്റിൽ രക്ഷിതാക്കളോടൊപ്പം എത്തിയ രണ്ടു വയസ്സുകാരൻ മാതാവിന്റെ കണ്ണുവെട്ടിച്ച് റോഡിലേക്ക് ഓടിപ്പോയത്.
ഈ സമയം സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന സന്ദീപ് ഓടിയെത്തി ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിൽനിന്ന് രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു. കടയിലെ ജോലിത്തിരക്കുകൾക്കിടയിലും കുട്ടി റോഡിലേക്ക് ഓടിപ്പോകുന്നത് സന്ദീപ് കണ്ടതാണ് കുട്ടിയെ രക്ഷിക്കാനായത്.
സൂപ്പർ മാർക്കറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് സന്ദീപിന്റെ ധീരത മറ്റുള്ളവർ അറിയുന്നത്. വിഡിയോ ഇപ്പോൾ വൈറലാണ്. കുഞ്ഞിന്റെ രക്ഷകനായി മാറിയ സന്ദീപിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദീപിനെ ആദരിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസ്, ആർ.എസ്.എസ് കൂത്തുപറമ്പ് ഖണ്ഡ് സമ്പർക്ക പ്രമുഖ് എ.പി. പുരുഷോത്തമൻ എന്നിവർ പൊന്നാട അണിയിച്ചു.

