കോടിയേരി സ്മൃതിമണ്ഡപം അവസാന ഘട്ടത്തിൽ
text_fieldsപയ്യാമ്പലത്ത് ഒരുങ്ങുന്ന കോടിയേരി ബാലകൃഷ്ണന്റെ
സ്മൃതി മണ്ഡപം സി.പി.എം സംസ്ഥാന സെക്രട്ടറി
എം.വി. ഗോവിന്ദൻ സന്ദർശിക്കുന്നു
കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ സ്മാരകമായി പയ്യാമ്പലത്ത് ഉയരുന്ന സ്മൃതി മണ്ഡപം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു. കോടിയേരിയുടെ ഒന്നാം ചരമവാർഷിക ദിനമായ ഒക്ടോബർ ഒന്നിന് അനാവരണം ചെയ്യുന്ന മണ്ഡപം മൂന്നാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്താണ് മണ്ഡപം ഒരുങ്ങിയത്. യുവശിൽപി ഉണ്ണി കാനായിയാണ് സ്മാരക മണ്ഡപം രൂപകൽപന ചെയ്തത്. ഗ്രാനൈറ്റിൽ ആലേഖനം ചെയ്ത കോടിയേരിയുടെ ചിത്രവും പിന്നിൽ ചെങ്കൊടിയുമാണ് പത്ത് അടി ഉയരത്തിലുള്ള മണ്ഡപത്തിന്റെ രൂപം.
പയ്യാമ്പലം കടൽത്തീരത്ത് ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തോട് ചേർന്നാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. പിന്നീട് ഇവിടെ ചെങ്കൊടി കെട്ടി ഇഷ്ടിക പാകി സംരക്ഷിക്കുകയായിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞതോടെ സാമൂഹിക വിരുദ്ധർ ഇവിടെ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിയാൻ തുടങ്ങി. കോടിയേരിയുടെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ആളുകളാണ് ഈ സ്ഥലം വൃത്തിയാക്കിയിരുന്നത്.
സംഭവം വിവാദമായതോടെ കോടിയേരിയുടെ ഒന്നാം ചരമവാർഷികത്തിന് മുമ്പുതന്നെ സ്മാരക നിർമാണം പൂർത്തിയാക്കുമെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ വ്യക്തമാക്കിയിരുന്നു. സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്മൃതി മണ്ഡപം നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

