കണ്ണൂർ ജില്ലാ ആശുപത്രി; ഡയാലിസിസ് കേന്ദ്രം അത്ര വെടിപ്പല്ല...
text_fieldsകണ്ണൂർ: സൂപ്പർ സ്പെഷാലിറ്റിയാകുമ്പോഴും ജില്ല ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രത്തിന്റെ അവസ്ഥ പരിതാപകരം. കേന്ദ്രത്തിലെ എ.സികളും ഫാനുകളും പൂർണമായും പ്രവർത്തിക്കാത്ത സ്ഥിതിയാണ്.
ഡയാലിസിസ് യന്ത്രങ്ങൾ കേടാകാതിരിക്കാനും രോഗികളുടെ ആശ്വാസത്തിനും വേണ്ടിയുള്ള ശീതീകരണ സംവിധാനങ്ങൾ കേടായിട്ട് വർഷങ്ങളായി. എന്നാൽ, ഇവ നന്നാക്കാൻ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
ലക്ഷങ്ങൾ ചെലവിട്ട് ആശുപത്രികളിൽ വിവിധ വികസന പ്രവൃത്തികൾ നടപ്പാക്കുമ്പോഴാണ് ഡയാലിസിസ് യൂനിറ്റിനോട് അധികൃതരുടെ അവഗണന. ഫാനുകളടക്കം തകരാറായതിനാൽ ഡയാലിസിസിനെത്തുന്ന രോഗികൾ ചൂട് സഹിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്. കൂടാതെ, ഡയാലിസിന് വാർഡിനകത്തെ എ.സികൾ പ്രവർത്തിക്കാത്തതുമൂലം ഡയാലിസിസ് ചെയ്യുന്ന സമയത്ത് രോഗികൾ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്. എ.സികളിൽ നിന്നുള്ള വെള്ളം ചോർന്നൊലിച്ച് ചുവരിലൂടെ ഒഴുകുകയാണ്. ശീതീകരണ സംവിധാനമില്ലാത്തതിനാൽ മണിക്കൂറുകൾ പ്രവർത്തിക്കുന്ന ഡയാലിസിസ് യന്ത്രങ്ങൾ തകരാറിലാകുന്നതും ഇവിടെ പതിവാണ്. കോവിഡ് കാലത്ത് നാലു മെഷീനുകളാണ് ശീതീകരണ സംവിധാനമില്ലാത്തതിനാൽ കത്തിപ്പോയത്. തുടർന്ന് രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് യന്ത്രങ്ങളെത്തിച്ചത്. കൂടാതെ, ഇടക്കിടക്ക് യന്ത്രങ്ങൾ പണിമുടക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.
മൂന്നു ഷിഫ്റ്റുകളിലായി ഏകദേശം അമ്പതിലധികം രോഗികളെയാണ് ഇവിടെനിന്ന് ഡയാലിസിസിന് വിധേയരാക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചികിത്സാ ചെലവ് താങ്ങാനാകാത്തതിനാൽ ജില്ലയിലെ മലയോരത്തിൽനിന്നടക്കമുള്ള നിരവധി പേർ ഇവിടെയെത്തുന്നുണ്ട്. ചൂടുകാലത്തടക്കം ഫാനില്ലാത്തത് നിരവധിതവണ രോഗികളടക്കം പരാതിപ്പെട്ടിട്ടും ഒരു പരിഹാര നടപടിയുമില്ല.
ഏഴ് എ.സികൾ തകരാറിലായിട്ട് വർഷങ്ങളേറെ
2013ലാണ് ജില്ല ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങിയത്. മികച്ച സൗകര്യങ്ങളോടെയുള്ള കേന്ദ്രത്തിന്റെ തുടക്കം നിരവധി രോഗികൾക്ക് ആശ്വാസമായിരുന്നു. ആദ്യഘട്ടത്തിൽ തന്നെ വാർഡിൽ ഏഴ് എ.സികളടക്കം സജ്ജീകരിച്ചായിരുന്നു തുടക്കം. എന്നാൽ, എ.സികളെല്ലാം 2019ൽ തകരാറിലായിട്ടും ഇതുവരെ അറ്റകുറ്റ പ്രവൃത്തി നടത്തിയിട്ടില്ല. ഇതിനുപിന്നാലെ ഫാനുകളും തകരാറിലായത് ജീവനക്കാർക്കും രോഗികൾക്കും ഒരുപോലെ ദുരിതമായിരിക്കുകയാണ്. കൂടാതെ, ഒരേസമയം നാലു ഡയാലിസിസ് ടെക്നീഷ്യന്മാരും രണ്ടു നഴ്സുമാരുമാണ് ജോലിയിലുണ്ടാകുക. ഡയാലിസിസ് ടെക്നീഷ്യന്മാരെല്ലാം കരാർ ജീവനക്കാരാണ്. ഈ തസ്തികയിൽ സ്ഥിരം നിയമനം നടത്താൻ പി.എസ്.സി നടപടി സ്വീകരിക്കാത്തതും പ്രതിസന്ധിക്ക് കാരണമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

