കെ.കെ. രാഗേഷ് നാട്ടുകാരെ വർഗീയ വാദികളാക്കുന്നു
text_fieldsകെ.കെ. രാഗേഷ്
കണ്ണൂർ: തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിലും പഞ്ചായത്തിലും തോറ്റതിന് സി.പി.എം ജില്ല സെക്രട്ടറി നാട്ടുകാരെ വർഗീയവാദികളാക്കി ചിത്രീകരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ടി.ഒ. മോഹനൻ. 45 വർഷത്തെ സി.പി.എം കുത്തക അവസാനിപ്പിച്ച് മുണ്ടേരി പഞ്ചായത്തിൽ യു.ഡി.എഫിന് അധികാരം ലഭിച്ചപ്പോൾ സമനില തെറ്റിയ സി.പി.എം ജില്ല സെക്രട്ടറി തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
കോർപറേഷനിലെയും മറ്റു പഞ്ചായത്തുകളിലെയും സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും എസ്.ഡി.പി.ഐയുടെയും വോട്ട് കണക്ക് നോക്കിയാൽ ഇവരുടെ ഒത്താശ മനസ്സിലാവും. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന കോർപറേഷനിലെ കോക്കേൻ പാറ ഡിവിഷനിൽ ബി.ജെ.പി വിജയിച്ചതും സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോയതും എങ്ങനെയാണ്. ജില്ല കമ്മിറ്റി ഓഫിസ് ഇരിക്കുന്ന ഡിവിഷനിൽ സി.പി.എം സ്ഥാനാർഥിക്ക് കിട്ടിയത് വെറും 89 വോട്ടാണ്.
തുളിച്ചേരി ഡിവിഷനിൽ 500 ഓളം വോട്ടുകൾ സി.പി.എമ്മിന് കുറവുവന്നതും അവ ബി.ജെ.പിക്ക് ലഭിച്ചതും എങ്ങനെയെന്നത് ജില്ല സെക്രട്ടറി വ്യക്തമാക്കണം. ജനവിധി അംഗീകരിക്കാൻ കെ.കെ. രാഗേഷ് തയാറാവണം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം 2020 ൽ 14 ആയിരുന്നത് 22 ആയിയെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.പി. മുഹമ്മദലി, എം.കെ. മുഹമ്മദലി, രാഹുൽ കായക്കൽ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഫാറൂഖ് വട്ടപ്പൊയിൽ, പി.സി. അഹമ്മദ് കുട്ടി, കൂക്കിരി രാജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

