പഠനത്തോടൊപ്പം തൊഴിൽ; മികവുമായി കിഴുന്ന സ്കൂൾ
text_fieldsഉർദു പഠനത്തോടൊപ്പം തൊഴിൽ പരിശീലനം പദ്ധതിയുടെ ഭാഗമായി നിർമിച്ച ഉൽപന്നവുമായി കിഴുന്ന സൗത്ത് യു.പി സ്കൂൾ വിദ്യാർഥികൾ
എടക്കാട്: പഠനത്തോടൊപ്പം തൊഴിൽ രംഗത്തും മികവുറ്റ ചുവടുവെപ്പുമായി കിഴുന്ന യു.പി സ്കൂളിലെ വിദ്യാർഥികളുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. സമഗ്ര ശിക്ഷ കേരളയുടെ ഈ അധ്യയനവർഷം നടപ്പാക്കുന്ന സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി കിഴുന്ന സൗത്ത് യു.പി സ്കൂളിലെ മെഹ്ഫിൽ ഉർദു ക്ലബാണ് പുതിയൊരു ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഉർദു പാഠഭാഗങ്ങളോടൊപ്പം സ്വയംതൊഴിൽ പരിശീലനത്തിനുകൂടിയാണ് വിദ്യാർഥികൾ തുടക്കം കുറിച്ചിരിക്കുന്നത്, 'വിദ്യശ്രീ ഒന്നിച്ചൊന്നായി കുട്ടിക്കൂട്ടം' പദ്ധതിയിലൂടെ. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം നടന്നു. എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന റിസോഴ്സ് പേഴ്സൻ പി. സുധീർ പരിശീലനം നൽകി. ഡയറ്റ് ലക്ചറർ കെ. ബീന പദ്ധതി ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് പുഷ്പജ വയക്കാടി അധ്യക്ഷതവഹിച്ചു.
ബി.ആർ.സി ട്രെയിനർ രാജേഷ് മാണിക്കോത്ത്, ലൈബ്രറി കൗൺസിൽ കൺവീനർ ജനു ആയിച്ചാൻകണ്ടി, പ്രധാനാധ്യാപിക ആർ. ബിന്ദു, എം. ശിഹാബുദ്ദീൻ, സി.വി.കെ. റാഷിദ്, പി.കെ. ആതിര ബാബു തുടങ്ങിയവർ സംസാരിച്ചു. സോപ്പുൽപന്നങ്ങൾ, കുട, കൗതുക വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണമുൾപ്പെടെയാണ് പദ്ധതിയിലുള്ളത്. ഉൽപന്നങ്ങൾ വിറ്റു കിട്ടുന്ന ലാഭവിഹിതം കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്ന് സ്കൂൾ അധ്യാപകർ പറഞ്ഞു. മെഹ്ഫിൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും 'നമേശൻ' എന്ന പേരിൽ മാസിക പ്രസിദ്ധീകരിച്ച് വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

