ഖാദിക്ക് മാസ്റ്റർ പ്ലാൻ; മദ്രാസ് ഐ.ഐ.ടി സംഘം ജില്ലയിലെത്തി
text_fieldsഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ബക്രീദ് ഖാദിമേള ഉദ്ഘാടനം കണ്ണൂരിൽ നിർവഹിച്ച
വൈസ് ചെയർമാൻ പി. ജയരാജൻ ചെന്നൈ ഐ.ഐ.ടിയിൽ നിന്നെത്തിയ പ്രഫ. സജി
കെ. മാത്യുവിന് ഖാദി ഷർട്ട് നൽകുന്നു
കണ്ണൂർ: കേരളത്തിലെ ഖാദി മേഖലയുടെ സമഗ്രമാറ്റത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്ന മദ്രാസ് ഐ.ഐ.ടി സംഘം കണ്ണൂരിൽ സന്ദർശനം നടത്തി. മാസ്റ്റർ പ്ലാൻ പഠനം നടത്തുന്ന മദ്രാസ് ഐ.ഐ.ടി മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം പ്രഫസർമാരായ സജി കെ. മാത്യു, പ്രകാശ് സായ് എന്നിവരാണ് മൂന്നുദിവസത്തെ സന്ദർശനത്തിനായി ജില്ലയിൽ എത്തിയത്.
ബോർഡ് വൈസ് ചെയർമാൻ പി. ജയരാജനുമായി സംഘം ആശയവിനിമയം നടത്തി. തുടർന്ന് പയ്യന്നൂർ ഖാദി കേന്ദ്രം ബെഡ് യൂനിറ്റ്, റെഡിമെയ്ഡ് യൂനിറ്റ്, ഗോഡൗൺ, പയ്യന്നൂർ യാൺ ഡൈയിങ് സെന്റർ, വീവിങ് സെന്റർ തുടങ്ങിയവ നേരിൽ കണ്ട് പ്രവർത്തനങ്ങൾ മനസ്സിലാക്കി. പയ്യന്നൂർ ഖാദി കേന്ദ്രത്തിലെയും കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിലെയും ജീവനക്കാരുമായി ഇവർ ആശയവിനിമയം നടത്തി.
ഖാദി ബോർഡും ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസും ഹോർട്ടി കോർപിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തേൻ മൂല്യവർധിത ഉൽപന്ന നിർമാണ ത്രിദിന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരുമായും സംഘം സംസാരിച്ചു. ഉൽപന്ന വൈവിധ്യവത്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ ഖാദി ബോർഡിനെ കാലാനുസൃതമായി നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനും ലക്ഷ്യമിട്ടാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്.