സാധനങ്ങൾ എത്തിയെന്ന് വകുപ്പ് മന്ത്രി: കാലിയായിതന്നെ റേഷൻ കടകൾ
text_fieldsകണ്ണൂർ: സാധനങ്ങൾ എത്തിയെന്ന് വകുപ്പ് മന്ത്രി പറയുമ്പോഴും റേഷൻ കടകൾ കാലിയായിതന്നെ. ഫെബ്രുവരി നാലുവരെ കഴിഞ്ഞ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണം നടക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ കൃത്യമായി സാധനങ്ങൾ എത്തിക്കാതെ എങ്ങനെയാണ് വിതരണം നടക്കുകയെന്ന മറുചോദ്യമാണ് റേഷൻ കട നടത്തിപ്പുകാർ ഉന്നയിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന ജനങ്ങൾക്കിടയിലും റേഷൻ വ്യാപാരികൾക്കിടയിലും ഒരുപോലെ ആശങ്കയും പ്രയാസവും സൃഷ്ടിക്കുന്നതായും അവർ പറയുന്നു.
എല്ലാ കടകളിലും പൂർണമായും സാധനങ്ങൾ എത്തിയെന്നും ഉടൻതന്നെ അത് കൈപ്പറ്റണമെന്നും മന്ത്രി പറയുമ്പോൾ ജനുവരി മാസം അവസാനിക്കുന്ന ദിവസമായ 31ന് വൈകീട്ടത്തെ കണക്കു പ്രകാരം കണ്ണൂർ ജില്ലയിലെ അഞ്ചു താലൂക്കുകളിലായി 150 ഓളം റേഷൻ കടകളിലേക്ക് ജനുവരിയിൽ വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം ഒന്നുംതന്നെ എത്തിക്കാൻ വകുപ്പിന് സാധിച്ചിട്ടില്ല.
തലശ്ശേരി താലൂക്കിൽ നീല, വെള്ള കാർഡുകൾക്ക് വിതരണത്തിന് വേണ്ട ഭക്ഷ്യധാന്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല.
ജില്ലയിൽ ഫെബ്രുവരി ഒന്നിന് പോലും മുഴുവൻ സാധനങ്ങളും കടകളിൽ എത്താനുള്ള സാധ്യതയില്ലെന്ന് കേരള റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി ടി.വി. തമ്പാൻ പറഞ്ഞു.
ഈ സ്ഥിതിയിൽ ഞായറാഴ്ച അവധി കഴിഞ്ഞ് രണ്ടു ദിവസംകൊണ്ട് എങ്ങനെയാണ് ജനുവരി മാസത്തെ റേഷൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.
ജനുവരി മാസം റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത കാർഡ് ഉടമകൾക്ക് അവരുടെ റേഷൻ വിഹിതം ഫെബ്രുവരിയിലെ റേഷനൊപ്പം നൽകാനുള്ള (ക്യാരി ഫോർവേഡ്) സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
25 ദിവസം നീണ്ടുനിന്ന കരാറുകാരുടെ സമരം തീർന്നു രണ്ടു ദിവസത്തിനകം മുഴുവൻ കടകളിലേക്കും സാധനങ്ങൾ എത്തുകയെന്നത് അപ്രായോഗികമാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിവുള്ളതാണ്.
എന്നാൽ അത് മറച്ചുവെച്ചു രണ്ടു ദിവസത്തിനകം വിതരണം പൂർത്തിയാകുമെന്ന് വകുപ്പ് മന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതും കാർഡുടമകളും കടയുടമകളും തമ്മിൽ തർക്കത്തിനും ഇടയാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

