ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ലോകത്തിന് മാതൃക –മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിെൻറ കാര്യത്തില്‍ ലോകത്തിനുമുന്നില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയിലെ അഞ്ച് സ്കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 34 ഹയര്‍സെക്കൻഡറി സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്ത്തുന്നതിെൻറ ഭാഗമായി നിര്‍മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ് കാലത്ത് പലരും പകച്ചുനിന്നപ്പോള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചു. ഓണ്‍ലൈന്‍ പഠനത്തില്‍ തുടക്കത്തിലുണ്ടായ കുറവുകള്‍ പരിഹരിക്കാന്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നാടൊന്നാകെ മുന്നിട്ടിറങ്ങുന്ന സ്ഥിതിയുണ്ടായി. അതേസമയം, ഓണ്‍ലൈന്‍ പഠനം എന്നും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ക്ലാസുകള്‍ തുടങ്ങാന്‍ പറ്റുന്ന സന്ദര്‍ഭം വന്നാലുടന്‍ സ്കൂളുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുന്ന 34 സ്കൂളുകളിലേത് ഉള്‍പ്പെടെ 56 ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ നിര്‍മാണ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി ബാക്കിയുള്ള സ്കൂളുകളുടെ നിര്‍മാണവും വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കും. സ്കൂളുകളില്‍ കൂടുതല്‍ മികച്ച സൗകര്യമൊരുക്കുന്നതിന് നാട്ടുകാരുടെ കൂടി സഹായം ആവശ്യമാണെന്നും അത് ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്, കടകംപള്ളി സുരേന്ദ്രന്, എ.കെ. ശശീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു നന്ദിയും പറഞ്ഞു.
ചിറക്കര ജി.വി.എച്ച്.എസ്.എസ്, ശ്രീകണ്ഠപുരം ഗവ. എച്ച്.എസ്.എസ്, പാട്യം ഗവ. എച്ച്.എസ്.എസ്, കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. എച്ച്.എസ്.എസ്, ചെറുതാഴം ഗവ. എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലാണ് പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തത്. സ്കൂളുകളില്‍ നടന്ന ചടങ്ങില്‍ എം.പിമാരായ കെ. സുധാകരന്, രാജ്മോഹന്‍ ഉണ്ണിത്താന്, എം.എല്‍.എമാരായ ടി.വി. രാജേഷ്, കെ.സി. ജോസഫ്, സി. കൃഷ്ണന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, തലശ്ശേരി നഗരസഭ അധ്യക്ഷന്‍ സി.കെ. രമേശന്, ഉപാധ്യക്ഷ നജ്മ ഹാഷിം, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷന്‍ പി.പി. രാഘവന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രാജീവന്, എ. അശോകന്, പഞ്ചായത്ത് പ്രസിഡൻറുമാരായ എം. രാഘവന്, പി. പ്രഭാവതി, വി. ബാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.