നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നു –പിണറായി
text_fieldsകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
തലശ്ശേരി: സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാറിന് കഴിഞ്ഞെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സിഡ്കോ സർക്കാർ സഹായത്തോടെ നവീകരിച്ച പാലയാട് വ്യവസായ എസ്റ്റേറ്റിെൻറ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് നിക്ഷേപ സാധ്യതകൾ വലിയതോതിൽ വർധിച്ചിട്ടുണ്ട്. അതിെൻറ ഭാഗമായി വ്യവസായിക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വന്നു. നിക്ഷേപകർക്ക് പലപ്പോഴുമുണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നത് ഒരു പ്രശ്നമായിരുന്നു. ആ സാഹചര്യത്തിൽ സംസ്ഥാന തലത്തിലും ജില്ല തലത്തിലും സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപവത്കരിക്കും. അതിനായി നിയമം വന്നു കഴിഞ്ഞു. ചെറുകിട - ഇടത്തരം വ്യവസായങ്ങൾക്കുള്ള അനുമതി അതിവേഗമാണ് നൽകുന്നത്.
വ്യവസായം തുടങ്ങിയതിനുശേഷം അനുമതി തേടിയാൽ മതിയെന്ന തരത്തിലുള്ള നടപടികളിലേക്കാണ് നാട് മാറിയത്. 50 കോടിയിലധികം നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിച്ചാൽ ഏഴു ദിവസത്തിനകം കോംപസിറ്റ് ലൈസൻസ് ലഭ്യമാക്കാൻ നിയമ ഭേദഗതി വന്നുകഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
കൃഷി, ടൂറിസം തുടങ്ങിയ തൊഴിൽ നൽകാൻ കഴിയുന്ന മേഖലകളെ പരിപോഷിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. സമാനതകളില്ലാത്ത വികസനം നമുക്ക് നടപ്പാക്കാൻ കഴിഞ്ഞു. നവകേരളം എന്ന ലക്ഷ്യം കൈവരിക്കാൻ കൂടുതൽ വികസനം ആവശ്യമാണ്. സംരംഭകർക്കും പൊതുജനങ്ങൾക്കും ഒരു പോലെ ഉപകാരപ്രദമാണ് വ്യവസായ എസ്റ്റേറ്റിൽ നടന്നിട്ടുള്ള നവീകരണ പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഡ്കോ എസ്റ്റേറ്റ് പരിസരത്ത് നടന്ന പരിപാടിയില് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രവി, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ടി.ഒ. ഗംഗാധരൻ, സിഡ്കോ മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ഡയറക്ടർ എ.പി. രാഗേഷ്, സിഡ്കോ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ ഡിജി എം.എസ്. അജിത്കുമാർ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
ഉന്നത വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തും –മുഖ്യമന്ത്രി
തലശ്ശേരി: ഉന്നത വിദ്യാഭ്യാസ മേഖല വലിയ തോതിൽ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലൂടെ അനേകം പേർക്ക് തൊഴിൽ നൽകാൻ കഴിയും. ടൂറിസത്തിന് അനന്തമായ സാധ്യതകളുണ്ട്. ഇതിലൂടെ തൊഴിലവസരങ്ങൾ വർധിക്കും. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖല വലിയ തോതിൽ മെച്ചപ്പെടുത്തും. കേരളത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനാണ് മുൻതൂക്കം നൽകുന്നത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് സ്ഥാപനത്തിലൂടെ നിരവധി യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ടൂറിസം സ്റ്റേറ്റായി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തുവരുന്നത്. ടൂറിസത്തിന് ഏറെ സാധ്യതകളുള്ളതാണ് മലബാർ. മലബാർ ടൂറിസത്തിെൻറ സാധ്യതകൾ വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കിൻഫ്ര സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ബിൽഡിങ്ങിലാണ് ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി ആരംഭിച്ചത്. കണ്ണൂർ യൂനിവേഴ്സിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുക.
ചടങ്ങിൽ കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ വിശിഷ്ടാതിഥിയായി. എ.എൻ. ഷംസീർ എം.എൽ.എ, ഡോ. വേണു, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, പ്രഫ. എ. സാബു, പി. ബാലൻ, സി.പി. അനിത, എം.പി. ശ്രീഷ, വി.ആർ. കൃഷ്ണതേജ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

