ചുവപ്പിലുറച്ച്, ചന്തം കൂട്ടി കണ്ണൂർ
text_fieldsകണ്ണൂർ: ചരിത്രവിജയത്തിൽ ചുവപ്പിലുറച്ച് കണ്ണൂർ. മൂന്നിടത്ത് ഭൂരിപക്ഷത്തിെൻറ ചരിത്രം തിരുത്തി വിജയത്തിെൻറ ചന്തം കൂട്ടുകയും ചെയ്തു. മുസ്ലിം ലീഗിെൻറ കരുത്തൻ കെ.എം. ഷാജിയെ അട്ടിമറിച്ച് അഴീക്കോട് തിരിച്ചുപിടിച്ചു. 2016ൽ പിടിച്ചെടുത്ത കണ്ണൂർ ഉൾപ്പെടെ എട്ടു സിറ്റിങ് സീറ്റുകൾ നിലനിർത്തി. അങ്ങനെ ആകെയുള്ള 11ൽ ഒമ്പതും ഇടതിന്. യു.ഡി.എഫിന് 2016ലെ മൂന്നു സീറ്റ് രണ്ടായി കുറഞ്ഞു.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് മന്ത്രി കെ.കെ. ശൈലജ മട്ടന്നൂരിൽനിന്ന് നിയമസഭയിലേക്ക് വരുന്നത്. ധർമടത്ത് അരലക്ഷം കടന്ന മുഖ്യമന്ത്രി പിണറായി വിജയനും പയ്യന്നൂരിൽ അര ലക്ഷത്തിന് അടുത്തെത്തിയ ടി.ഐ. മധുസൂദനനും ഇക്കുറി കൂടിയ ഭൂരിപക്ഷത്തിെൻറ ചരിത്രം തിരുത്തി. കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ തളിപ്പറമ്പിലും ഡി.വൈ.എഫ്.ഐയുടെ എം. വിജിൻ കല്യാശ്ശേരിയിലും ആധികാരിക വിജയംതന്നെ നേടി.
6141 വോട്ടിെൻറ വ്യക്തമായ ഭൂരിപക്ഷത്തിലാണ് അഴീക്കോട്ട് കെ.വി. സുമേഷിെൻറ വിജയം. 2011ലും 2016ലും സി.പി.എമ്മിെന ഞെട്ടിച്ച് അഴീക്കോട് പിടിച്ചെടുത്ത കെ.എം. ഷാജിയെ നാടുകടത്തിയതിലൂടെ കെ.വി. സുമേഷാണ് ജില്ലയിൽ ഇടതിെൻറ താരം. യു.ഡി.എഫിെൻറ ഉറച്ച സീറ്റായ കണ്ണൂർ 2016ൽ 1196 വോട്ടിന് പിടിച്ചെടുത്ത രാചമന്ദ്രൻ കടന്നപ്പള്ളി ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 1745 വോട്ടിനാണ് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയെ മറികടന്നത്. കൂത്തുപറമ്പ് സീറ്റ് മുസ്ലിം ലീഗിന് നൽകി വ്യവസായ പ്രമുഖൻ െപാട്ടങ്കണ്ടി അബ്ദുല്ലയെ സ്ഥാനാർഥിയാക്കി പിടിച്ചെടുക്കാമെന്ന് യു.ഡി.എഫ് വലിയ പ്രതീക്ഷ വെച്ചെങ്കിലും തെറ്റി. സ്വന്തം തട്ടകത്തിൽ എൽ.ഡി.എഫിനുവേണ്ടി മുൻമന്ത്രി െക.പി. മോഹനൻ ആധികാരിക വിജയം നേടി. ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാതെ പോയതിെൻറ പേരിൽ ശ്രദ്ധനേടിയ തലശ്ശേരിയിൽ ആ വോട്ടിൽ പ്രതീക്ഷവെച്ച യു.ഡി.എഫിന് ഒന്നും നേടാനായില്ല. സിറ്റിങ് എം.എൽ.എ എ.എൻ. ഷംസീർ കഴിഞ്ഞ വർഷത്തെക്കാൾ ഭൂരിപക്ഷം കൂട്ടി തിളക്കമാർന്ന വിജയം നേടി.
ഉറച്ചകോട്ടയായ ഇരിക്കൂറിൽ സീറ്റ് കിട്ടാത്തതിന് 'എ' ഗ്രൂപ് ഉടക്കിയിട്ടും കോൺഗ്രസിന് വിജയം കൈവിട്ടില്ല. കെ.സി. ജോസഫ് എട്ടു തവണ തുടർച്ചയായി ജയിച്ച, ഇവിടെ കഴിഞ്ഞ വർഷത്തെക്കാൾ കൂടിയ ഭൂരിപക്ഷത്തിനാണ് അഡ്വ. സജീവ് ജോസഫിെൻറ വിജയം. പേരാവൂരിൽ സി.പി.എമ്മിലെ യുവനേതാവ് കെ.വി. സക്കീർ ഹുസൈൻ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് കോൺഗ്രസിലെ അഡ്വ. സണ്ണി ജോസഫ് ഹാട്രിക് തികച്ചത്.