ജില്ലയിൽ ഭിന്നശേഷി വോട്ടർമാർ 22,908; മുതിർന്ന പൗരന്മാർ 18,810
text_fieldsകണ്ണൂർ: 2026 നിയമസഭ പൊതു തിരഞ്ഞെടുപ്പിൽ 85 വയസിൽ കൂടുതൽ പ്രായമുള്ള വോട്ടർമാർക്കും ഭിന്നശേഷി വോട്ടർമാർക്കും പോളിങ് ബൂത്തിൽ എത്താതെ അവരുടെ താമസ സ്ഥലത്തു തന്നെ വോട്ടു ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോം 12 ഡിയിലൂടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ ബൂത്ത് ലെവൽ ഓഫീസർമാർ വഴി സമർപ്പിക്കാവുന്നതാണ്. അർഹരാണെന്ന് കണ്ടെത്തുന്നവർക്ക് പോളിങ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം പോസ്റ്റൽ ബാലറ്റുകൾ അവരുടെ താമസസ്ഥലത്ത് എത്തിച്ചു നൽകും.
ജില്ലയിലെ 11 നിയമസഭ നിയോജക മണ്ഡലങ്ങളിലായി 85 വയസിനു മുകളിൽ പ്രായമുള്ള 18810 വോട്ടർമാരുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകളിൽ ഉള്ളത്. പയ്യന്നൂർ-1649, കല്യാശ്ശേരി-1675, തളിപ്പറമ്പ്-1906, ഇരിക്കൂർ-2284, അഴീക്കോട്-1431, കണ്ണൂർ-1507, ധർമ്മടം-1780, തലശ്ശേരി-1633, കൂത്തുപറമ്പ്-1433, മട്ടന്നൂർ-1791, പേരാവൂർ-1721എന്നിങ്ങനെയാണ് മുതിർന്ന പൗരന്മാരായ വോട്ടർമാർ. വിവിധ മണ്ഡലങ്ങളിലായി 22908 ഭിന്നശേഷി വോട്ടർമാരുമുണ്ട്. പയ്യന്നൂർ-1930, കല്യാശ്ശേരി-1561, തളിപ്പറമ്പ്-2813, ഇരിക്കൂർ-2839, അഴീക്കോട്-1465, കണ്ണൂർ-1319, ധർമ്മടം-2349, തലശ്ശേരി-2080, കൂത്തുപറമ്പ്-2222, മട്ടന്നൂർ-2366, പേരാവൂർ-1964 എന്നിങ്ങനെയാണ് ഭിന്നശേഷി വോട്ടർമാരുടെ എണ്ണം.
പോസ്റ്റൽ ബാലറ്റ് അനുവദിച്ചുകഴിഞ്ഞാൽ നിശ്ചിത ദിവസം പോളിങ്ങിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ അനുബന്ധം 12 പ്രകാരം പട്ടികയിൽ ഉൾപ്പെട്ട വോട്ടറുടെ വീട്ടിലെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തും. തപാൽ വഴി വോട്ട് ചെയ്യുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വോട്ടറെ ബോധ്യപ്പെട്ടുത്തുകയാണ് ആദ്യ പടി. രഹസ്യാത്മകത ഉറപ്പാക്കി സ്വതന്ത്രമായും സ്വാധീന രഹിതമായും വോട്ട് ചെയ്യാൻ അവസരം ഒരുക്കും. ഏതെങ്കിലും വോട്ടർക്ക് അന്ധതയോ ശാരീരിക ബലഹീനതയോ കാരണം സ്വന്തമായി വോട്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സഹായം സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ സഹായം തേടുന്നവർ സഹായി ഡിക്ലറേഷൻ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

