വഴിയോര മുട്ട വിൽപന നാട്ടുകാർ തടഞ്ഞു; പൊലീസെത്തി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു
text_fieldsകേളകം പൊലീസ് പിടികൂടിയ മുട്ടകൾ
കേളകം: വഴിയോര കച്ചവടത്തിനായി താറാവ് മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ അമ്പായത്തോടില്‍ തടഞ്ഞു. തുടര്‍ന്ന് വാഹനങ്ങള്‍ കേളകം പൊലീസില്‍ ഏല്പിച്ചു.
ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിച്ച താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കില്‍ കണ്ടപ്പുനത്ത് വില്പനക്കെത്തിച്ചതായിരുന്നു. നാട്ടുകാരില്‍ ഒരാളായ ചേലാട്ട് സനല്‍, മുട്ട വേണം എന്നുപറഞ്ഞ് വാഹനത്തിനടുത്തെത്തി ഒരു മുട്ടയെടുത്ത് പൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചുപോയിയെന്നാണ് ആക്ഷേപം. തുടര്‍ന്ന് കേളകം പൊലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തില്‍ അമ്പായത്തോടുവെച്ച് മുട്ട വില്പന നടത്തുന്ന ബൈക്ക് അടക്കം മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
തുടര്‍ന്ന് കേളകം പൊലീസ് അമ്പായത്തോടെത്തി തടഞ്ഞുവെച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. മുട്ടയുടെ സാമ്പിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു. അതിനുശേഷം വാഹനങ്ങള്‍ പൊലീസ് വിട്ടുനല്‍കി.

