പിഞ്ചുകുഞ്ഞിനെ മർദിച്ച രണ്ടാനച്ഛൻ വ്യാജമദ്യ കേസിലും അറസ്റ്റിൽ
text_fieldsകേളകം: കണിച്ചാറിലെ ചെങ്ങോത്ത് ഒരു വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ റിമാൻഡിലായ രണ്ടാനച്ഛനെ വ്യാജമദ്യ കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലുകാച്ചി സ്വദേശി പുത്തൻ പുരക്കൽ വീട്ടിൽ പി.എസ്. രതീഷിനെയാണ് (41) പേരാവൂർ എക്സൈസ് ജയിലിലെത്തി ഫോർമൽ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തു.
2020 ജൂൺ ആറിന് അനധികൃതമായി 150 ലിറ്റർ വാഷ് സൂക്ഷിച്ച കേസിൽ പ്രതിയായ ഇയാൾ തുടർന്ന് മുങ്ങിനടക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ജൂൺ 12ന് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ റിമാൻഡിലായി. കണ്ണൂർ സ്പെഷൽ സബ്ജയിലിൽ തടവിൽ കഴിയുകയായിരുന്നു.
വ്യാഴാഴ്ച തലശ്ശേരി പ്രിൻസിപ്പിൽ അസി. സെഷൻസ് കോടതിയുടെ അനുമതിയോടെ പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിലാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് കോടതി ഇയാളെ ഈ കേസിൽ ജൂലൈ 23 വരെ റിമാൻഡ് ചെയ്തു.