പുളിയിലക്കൽ സന്തോഷിന്റെ മരണം; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
text_fieldsകേളകം: അടക്കാത്തോടിലെ പുളിയിലക്കൽ സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെ പൊലീസ് അറസ്റ്റു ചെയ്തു. കേളകം എസ്.എച്ച്.ഒ അജയ്കുമാർ ആണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സന്തോഷിന്റെ ഭാര്യ സുധിനയുടെ പരാതിയിലാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ഇതിലെ ദുരൂഹതകൾ നീക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യയും കുടുംബവും മുഖ്യമന്ത്രി, ഡി.ജി.പി, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തു. തുടർന്ന് എസ്.പിയുടെ നിർദേശത്തെത്തുടർന്ന് കേളകം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കേസന്വേഷിക്കാൻ അഞ്ചംഗ സംഘം രൂപവത്കരിക്കുകയും ചെയ്തിരുന്നു. സന്തോഷിനെ ചേനാട്ട് ജോബിയും സംഘവും ചേർന്ന് മർദിച്ചിരുന്നതായും ഭാര്യയുടെ പരാതിയിൽ പറഞ്ഞിരുന്നു.

