ഓപറേഷൻ ഗജ മുക്തി; ആറളത്ത് അഞ്ച് ആനകളെകൂടി വനത്തിലേക്ക് തുരത്തി
text_fieldsഓപറേഷൻ ഗജ മുക്തിയിലൂടെ ആറളം ഫാമിൽനിന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നു
കേളകം: ആറളം ഫാമിലും പുനരധിവാസ മേഖലയിലും വീണ്ടും ആനശല്യം രൂക്ഷമായതോടെ ഓപറേഷൻ ഗജമുക്തിയിലൂടെ അഞ്ച് ആനകളെ കാട്ടിലേക്ക് തുരത്തി. പുനരധിവാസ മേഖല ബ്ലോക്ക് 12ൽ കണ്ടെത്തിയ ആനകളെ താളിപ്പാറയിലൂടെ കോട്ടപ്പാറ വഴിയാണ് വനത്തിലേക്ക് കയറ്റിയത്. ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ മണത്തണ, കീഴ്പ്പള്ളി സെക്ഷനിലെ വനപാലകരും ആറളം വന്യജീവി സങ്കേതം ജീവനക്കാരും ചേർന്നുള്ള ഓപറേഷനിലൂടെയാണ് കാട് കയറ്റിയത്.
ഓപറേഷൻ ഗജമുക്തി ആരംഭിച്ചതിലൂടെ 50ൽ അധികം ആനകളെ വിവിധ ഘട്ടങ്ങളിലായി ഫാമിൽനിന്ന് കാട് കയറ്റി. കാട് കയറ്റിയ ആനകൾ തിരികെ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ വനാതിർത്തിയിൽ പരിശോധന നടത്തുന്നുണ്ട്. ആനമതിലിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനാൽ വനാതിർത്തിയിൽ സ്ഥാപിച്ച താൽക്കാലിക തൂക്ക വേലിയും സൗരോർജ വേലിയും തകർത്താണ് ആനക്കൂട്ടം തിരികെ പ്രവേശിക്കുന്നത്.
മരങ്ങൾ തള്ളിയിട്ടും മറ്റുമാണ് ആന വേലി തകർക്കുന്നത്. തകർന്ന ഭാഗങ്ങൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 11ാം ബ്ലോക്ക് കൈതക്കൊല്ലിയിൽ പുനരധിവാസ മേഖലയിൽ താമസിക്കുന്ന കുടുംബത്തിന്റെ കൃഷിയിടത്തിൽനിന്ന് പത്തോളം തെങ്ങുകൾ കഴിഞ്ഞ ദിവസം ആനക്കൂട്ടം നശിപ്പിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും ആനകളെത്തിതുടങ്ങിയത് പ്രദേശവാസികളെ ഭീഷണിയിലാക്കിയിരുന്നു. ഇതോടെയാണ് ഓപറേഷൻ ഗജമുക്തി വീണ്ടും പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

