കുരങ്ങുശല്യം തീരാദുരിതം: കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട; കൃഷിനാശത്തിന് നഷ്ടപരിഹാരവുമില്ല
text_fieldsകൃഷിയിടത്തിൽ തമ്പടിച്ച കുരങ്ങുകൾ
കേളകം: മലയോര മേഖലയിൽ കുരങ്ങുശല്യം രൂക്ഷമായി കർഷകരുടെ കൃഷിയും ഉപജീവനവും പ്രതിസന്ധിയിൽ. കൂട്ടമായി കൃഷിയിടങ്ങളിലെത്തുന്ന കുരങ്ങുകൾ തെങ്ങ്, കമുക്, വാഴ, കൊക്കോ തുടങ്ങി വിവിധ വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. തെങ്ങുകളിൽ കയറി മൂപ്പെത്താത്ത തേങ്ങകൾ വരെ വലിച്ചുപറിച്ച് താഴെയിട്ട് നശിപ്പിക്കുന്നതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്.
വനമേഖലകളിൽനിന്ന് കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകൾ കൃഷിയിടങ്ങളിൽ മണിക്കൂറുകളോളം തമ്പടിക്കുന്നതായി കർഷകർ പറയുന്നു. പലപ്പോഴും രാത്രികാലത്തും ഇവ കൃഷിയിടങ്ങളിൽ തുടരുന്നു. കായ്കളും പഴങ്ങളും നശിപ്പിക്കുന്നതിനൊപ്പം കൃഷിയിടങ്ങളിലെ വിളകൾക്ക് വ്യാപകമായ കേടുപാടുകളും വരുത്തുന്നുണ്ട്. വീടുകളുടെ കതക്, ജനാല എന്നിവ തുറന്നിട്ടാൽ അടുക്കളയിൽ കയറി ആഹാരസാധനങ്ങൾ കൈക്കലാക്കി സ്ഥലം വിടും. വാഴക്കുല, മാങ്ങ, ചക്ക തുടങ്ങിയവയെല്ലാം പറിച്ചെടുക്കും.
തേങ്ങക്കും വെളിച്ചെണ്ണക്കും വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കുരങ്ങുശല്യം കർഷകരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. വർഷം മുഴുവൻ അധ്വാനിച്ച് പരിപാലിക്കുന്ന തെങ്ങുകളിൽനിന്ന് വിളവെടുക്കുന്നതിന് മുമ്പുതന്നെ കുരങ്ങുകൾ തേങ്ങകൾ നശിപ്പിക്കുന്നതിനാൽ പല കർഷകർക്കും പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ല. സ്വന്തം കുടുംബത്തിന്റെ നിത്യോപയോഗത്തിനുപോലും ആവശ്യമായ തേങ്ങ ലഭിക്കാത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു.
ആയിരക്കണക്കിന് കർഷകർ ദുരിതത്തിൽ
കേളകം, കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, കോളയാട്, കണ്ണവം, ആറളം തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി കർഷകരാണ് കുരങ്ങുശല്യത്തിന്റെ കെടുതി അനുഭവിക്കുന്നത്. ആറളം കാർഷിക ഫാമിലും വാനരപ്പട കൃഷിനാശം വരുത്തുന്നതായി പരാതിയുണ്ട്. കുരങ്ങുകളുടെ എണ്ണം വർധിച്ചതോടെ കൃഷിയിടങ്ങൾ സംരക്ഷിക്കാൻ കർഷകർക്ക് അധിക ചെലവും അധ്വാനവും വേണ്ടിവരുന്നു. കാവൽ ഏർപ്പെടുത്തിയാലും കൂട്ടമായി എത്തുന്ന കുരങ്ങുകളെ ഫലപ്രദമായി തടയാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.
നഷ്ടപരിഹാരവും ഫലപ്രദമല്ല
കൃഷിനാശം നേരിടുന്ന കർഷകർക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കുരങ്ങുകളെ തുരത്തുന്നതിനും ശല്യം നിയന്ത്രിക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. തുടർച്ചയായ കൃഷിനാശം മൂലം കൃഷിയിൽനിന്ന് പിന്മാറേണ്ട സാഹചര്യംപോലും ഉണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ.
വേണം അടിയന്തര സർക്കാർ ഇടപെടൽ
മലയോര മേഖലയിലെ കുരങ്ങുശല്യത്തിന് ശാശ്വതപരിഹാരം കാണാൻ വനം-കൃഷി വകുപ്പുകൾ സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിയിടങ്ങളിലെ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള ശാസ്ത്രീയവും ഫലപ്രദവുമായ പദ്ധതികൾ നടപ്പാക്കണമെന്നും നശിച്ച വിളകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. തെങ്ങും കമുകും വാഴയും കൊക്കോയും ഉൾപ്പെടെ സകല കൃഷികളുടെയും അന്തകരായി മാറിയ കുരങ്ങുകളുടെ ശല്യത്തിൽനിന്ന് മോചനം തേടുകയാണ് മലയോര കർഷകർ. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൃഷിമേഖലയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

