തലവേദനയായി മാവോവാദി സന്ദർശനങ്ങൾ
text_fieldsകേളകം: പൊലീസിനും നാട്ടുകാർക്കും തലവേദനയായി ജനവാസമേഖലയിൽ മാവോവാദി സന്ദർശനം ആവർത്തിക്കുന്നു. ഈ മാസം 14നാണ് ഏറ്റവും ഒടുവിൽ വനാതിർത്തി പ്രദേശമായ രാമച്ചിയിൽ ആയുധധാരികളായ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. രാമച്ചിയിലെ കുറിച്യ കോളനിയിലെ വീട്ടിൽ രാത്രി ഏഴോടെ എത്തിയ സംഘം രാത്രി 10ഓടെയാണ് മടങ്ങിയത്.
മാവോവാദി സംഘം കോളനിയിലെത്തിയ വിവരം പൊലീസ് അറിഞ്ഞ് അന്വേഷണത്തിനെത്തിയത് മൂന്ന് ദിവസത്തിന് ശേഷം 17ാം തീയതിയാണ്. രാമച്ചിയിലെത്തിയ മാവോവാദികൾ ഭക്ഷണം പാകം ചെയ്തു കഴിക്കുകയും അരിയും തേങ്ങയും മറ്റ് ആഹാരസാധനങ്ങളും ശേഖരിക്കുകയും ചെയ്തു. ഇതിനുമുമ്പും പലതവണ രാമച്ചിയിൽ മാവോവാദി സംഘം എത്തിയിട്ടുണ്ട്.
സി.പി. മൊയ്തീൻ, സോമൻ, തുടങ്ങിയവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ഇവർക്കെതിരെ കേളകം പൊലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മാസങ്ങൾക്ക് മുമ്പും രാമച്ചി കോളനിയിലെ എടാന് കേളപ്പന്റെ വീട്ടിൽ മാവോവാദികൾ എത്തിയിരുന്നു. മുമ്പും നിരവധി തവണ ഇതേ കോളനിയിൽ മാവോവാദി സംഘങ്ങൾ എത്തിയിട്ടുള്ളതാണ്.
കൊട്ടിയൂർ വനത്തോട് ചേർന്ന രാമച്ചി കോളനിയിൽ മാവോവാദികൾ എത്തിയതായുള്ള റിപ്പോർട്ടുകളെ തുടർന്ന് കേളകം പൊലീസും വിവിധ രഹസ്യാന്വേഷണ സംഘങ്ങളും കോളനിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. അയ്യംകുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ ആഴ്ചകൾക്ക് മുമ്പ് മാവോവാദികൾ ആയുധമേന്തി പ്രകടനം നടത്തിയ സംഭവത്തിൽ യു.എ.പി.എ വകുപ്പ് ചേർത്ത് കേസെടുത്തിരുന്നു.
ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാമിലും കഴിഞ്ഞ മാസം 13 അംഗ സായുധ മാവോയിസ്റ്റ് സംഘം എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നേരത്തെ വിയറ്റ്നാമിൽ 11 അംഗ മാവോവാദി സംഘം പ്രകടനം നടത്തിയ സംഭവത്തിൽ യു.എ.പി.എ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
വിയറ്റ്നാമിലെത്തിയത് 11 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ്. ആറളം, കൊട്ടിയൂർ, കോളയാട്, കേളകം, അയ്യംകുന്ന് പഞ്ചായത്ത് പരിധിയിലെ കോളനികളിലാണ് മാവോവാദി സംഘങ്ങൾ പതിവായി എത്തുന്നത്. വിയറ്റ്നാമിൽ മാവോവാദി സംഘത്തിന്റെ പ്രകടനത്തെയും പ്രതിഷേധത്തെയും തുടർന്ന് മേഖല ശക്തമായ നിരീക്ഷണത്തിലാണ്.
ആറളം ഫാമിലും, കൊട്ടിയൂർ, വയനാട് വനാതിർത്തി പ്രദേശങ്ങളിലും, ചുരം പാതകളിലും ഉൾപ്പെടെ മാവോവാദികൾക്കായി നിരീക്ഷണം ശക്തമാക്കിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.